16 November Friday
കുഡോസ‌് ട്രിവാൻഡ്രം

ഇവിടെ എല്ലാപേരും ‘ഞാനാണ‌് നീ’ ദുരിതാശ്വാസവുമായി തലസ്ഥാനം

സ്വന്തം ലേഖികUpdated: Thursday Aug 23, 2018
തിരുവനന്തപുരം
‘ആരാണ‌് നീയെന്ന‌് ചോദ്യം. നീയാണ‌് നീയെന്നുത്തരം.’ എസ‌്എംവി സ്കൂൾ മതിലിൽ ആലേഖനം ഞചെയ്തിരിക്കുന്ന  വചനങ്ങളിലൊന്ന‌്.  അതിന‌് മുമ്പിലൂടെ ഓടിനടക്കുന്ന യുവാക്കളും വിദ്യാർഥികളുമാകട്ടെ, ‘ഞാനാണ‌് നീ’യെന്ന‌് പറയുന്നു, ദുരിതബാധിതരായ സഹോദരങ്ങളോട‌്. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കൊണ്ടുവരുന്ന സഹായസാമഗ്രികൾ ഏറ്റുവാങ്ങി തരംതിരിച്ച‌് പായ്ക്ക‌് ചെയ്ത്‌ വിവിധ ജില്ലകളിലേക്ക‌് പോകുന്ന വാഹനങ്ങളിൽ കയറ്റിവിടുന്ന അനന്തപുരിയുടെ പുതുതലമുറക്കാരിൽ വിദ്യാർഥികളും ഡോക്ടർമാരും ടെക്കികളും മാധ്യമപ്രവർത്തകരുമുണ്ട‌്. ചിലർ കലക‌്ഷൻ ക്യാമ്പ‌് തുടങ്ങിയതുമുതൽ സജീവമെങ്കിൽ, ഡ്യൂട്ടി കഴിഞ്ഞുള്ള ഒഴിവുസമയം തെല്ലും നഷ്ടപ്പെടുത്താതെ ഓടിയെത്തുന്നവരും ഒട്ടേറെ. 
ഓണാവധിയെ ഇത്രമേൽ സ‌്നേഹിച്ച സമയം മുമ്പ‌് ഉണ്ടായിട്ടില്ലെന്ന‌് ആവർത്തിക്കുന്നു, കലക‌്ഷൻ ക്യാമ്പിലെ ഓരോ വിദ്യാർഥി വളന്റിയറും. ദുരിതബാധിതർക്കായി ഓടിനടന്ന‌് പണിയെടുക്കുന്ന പുതുതലമുറയിൽമാത്രം ഒതുങ്ങുന്നില്ല അനന്തപുരിയുടെ കരുതൽ. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് ആവശ്യമായ സാധനങ്ങൾ ഏതെന്നറിഞ്ഞ‌് വലുതും ചെറുതുമായ തുക അതിനായി ചെലവഴിക്കുന്നവരും ഏറെയാണ‌്. റസ്ക‌്, വലിയ ബിസ്കറ്റ‌് പായ്ക്കറ്റുകൾ, കൊതുകുതിരി, മെഴുകുതിരി, ടൂത്ത‌്പേസ‌്റ്റ‌് തുടങ്ങിയ അവശ്യവസ്തുക്കൾ നഗരത്തിലെ കടകളിൽ കിട്ടാതായി. ആളുകൾ ഇവ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് വൻതോതിൽ വാങ്ങിനൽകുന്നത‌ുതന്നെ കാരണം. ഒരാഴ്ചയായി സൂപ്പർ മാർക്കറ്റുകളിൽ സാനിറ്ററി പാഡുകൾ, ഡയപ്പർ തുടങ്ങിയവ വാങ്ങാനെത്തിയവരിൽ ഏറെയും ചെറുപ്പക്കാരായ പുരുഷന്മാർ. സപ്ലൈകോ ഷോറൂമുകളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് സാധനം വാങ്ങാൻ എത്തുന്നവരുടെ സൗകര്യാർഥം പ്രത്യേക കൗണ്ടർ തുറന്നിരിക്കുന്നു. 
പ്രത്യേക ഡിസ്കൗണ്ടുകളും മറ്റ‌് ആനുകൂല്യങ്ങളും നൽകി കച്ചവടക്കാരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. ജാതിയും മതവുമെല്ലാം മറന്ന‌് അക്ഷരാർഥത്തിൽ ദുരിതാശ്വാസത്തിന്റെ ‘തലസ്ഥാന’മായിരിക്കുകയാണ‌് അനന്തപുരി.
പ്രധാന വാർത്തകൾ
Top