16 November Friday

ദൗത്യം പൂർത്തിയാക്കി മടക്കം

സ്വന്തം ലേഖകൻUpdated: Thursday Aug 23, 2018

ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കി നിലമ്പൂരിൽനിന്ന്‌ മടങ്ങാനൊരുങ്ങുന്ന സൈന്യം

നിലമ്പൂർ
ജില്ലയിലെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കി സൈന്യം മടങ്ങി. ആഗസ‌്ത‌് ഒമ്പതുമുതൽ 21 വരെ നീണ്ട സേവനത്തിനുശേഷമാണ‌് 44 ഫീൽഡ് റെജിമെന്റ് ആർമിയുടെ മടക്കം. ചെട്ടിയാംപാറയിൽ ഉരുൾപൊട്ടലുണ്ടായതുമുതൽ ജില്ലയിലെ ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനത്തിന‌് ചുക്കാൻപിടിച്ചത‌് സേനയാണ‌്. ഉരുൾപൊട്ടലിൽ കാണാതായ  സുബ്രഹ്മണ്യന്റെ മൃതദേഹം തെരച്ചിലിലൂടെ കണ്ടെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചാണ‌്  തുടക്കം. പിന്നീട് 65 പേരടങ്ങുന്ന സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം ഊർജിതമാക്കി. കേണൽ സമീർ അറോറയുടെ നേതൃത്വത്തിൽ 32 പേർ കരുവാരക്കുണ്ട്, ചോക്കാട്, വണ്ടൂർ വില്ലേജുകളിലും ക്യാപ്റ്റൻ ഋബദ് ദമാന്റെ നേതൃത്വത്തിൽ 33 പേർ  നിലമ്പൂർ, കുറുമ്പലങ്ങോട്, അകമ്പാടം  വില്ലേജുകളിലും കേന്ദ്രീകരിച്ചു. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലുമെത്തി. 
    മലയിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയിൽ ഒറ്റപ്പെട്ട പന്തീരായിരം ഉൾവനത്തിനുള്ളിലെ അമ്പുമല, വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ ഗർഭിണിയും രോഗികളും ഉൾപ്പെടെയുള്ളവരെ കിലോമീറ്ററുകളോളം ദുർഘടപാത താണ്ടിയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. കനത്തമഴയിൽ കുറുവൻ പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞ് മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടും  ചുമലിലേറ്റിയാണ് 200ഓളം ആദിവാസികളെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. കരുവാരക്കുണ്ട് കൂമ്പൻമലയിലെ കല്ലളയിൽ കുടുങ്ങിയ മാതനെയും മാതിയെയും അതിസാഹസികമായാണ് രക്ഷിച്ചത‌്. യാത്രായോഗ്യമല്ലാതെ പിളർന്ന നടവുത്ത് നായടംകല്ലിലും മമ്പാടും കാളികാവിലും പുഴക്ക് കുറുകെ  താൽക്കാലിക നടപ്പാലവും നിർമിച്ചു.  കൊണ്ടോട്ടിയിലെ ദുരന്തമുഖത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ അതിസാഹസികമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top