20 November Tuesday
പ്ലാറ്റ‌്ഫോമിലെത്താൻ ഓടിത്തളരേണ്ട

ആലപ്പുഴ റെയിൽവേ സ‌്റ്റേഷനിൽ ബാറ്ററി കാർ

സ്വന്തം ലേഖകൻUpdated: Monday Jul 23, 2018

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബാറ്ററി കാർ

 ആലപ്പുഴ

പ്ലാറ്റ‌്ഫോമിലേക്ക‌് എത്താൻ ആലപ്പുഴ റെയിൽവേ സ‌്റ്റേഷനിൽ ഇനി ബാറ്ററി കാർ. പ്രായമായവർക്കും ശാരീരിക അവശതയുള്ളവർക്കുമാണ‌്  ബാറ്ററികാറുകൾ പ്രയോജനപ്പെടുക. രണ്ട‌്  ബാറ്ററി കാറുകളാണ‌് ഒരുക്കിയിരിക്കുന്നത‌്. മൊബൈൽ നമ്പരിൽ വിളിച്ചാൽ ഏത‌് പ്ലാറ്റ‌്ഫോമിലും കാറെത്തും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറിൽ ഡ്രൈവറെ കൂടാതെ നാലുപേർക്ക‌് യാത്ര ചെയ്യാം. കൈയിൽ കരുതാവുന്ന ലഗേജും കയറ്റാം. സർവീസ‌് കരാർ ബംഗളൂരുവിലെ മൈനി ഗ്രൂപ്പിനാണ‌്. മൈനി ഗ്രൂപ്പിൽ നിന്ന‌് സംസ്ഥാനത്തെ കരാർ സ്വന്തമാക്കിയ കൊച്ചിൻ ടൂറിസം ട്രാവൽസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌് എന്ന സ്ഥാപനമാണ‌് കാർ എത്തിച്ചത‌്. കന്യാകുമാരി, നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ത‌ൃശൂർ, ഗുരുവായൂർ സ‌്റ്റേഷനുകളിലും  ബാറ്ററി കാറുകളുണ്ടെന്ന‌് കൊച്ചിൻ ട്രാവൽസ‌് ഡയറക‌്ടർ ലളിത ശാസ‌്ത്രി പറഞ്ഞു.  
 റെയിൽവേ നിശ്ചയിച്ച യാത്രാനിരക്കായ 40 രൂപയാണ‌് ഒരാൾക്കുള്ള ടിക്കറ്റ‌് തുക. റെയിൽവേസ‌്റ്റേഷന്റെ പ്രധാന കവാടത്തിലാണ‌് ബാറ്ററി കാർ സജ്ജമാക്കിയത‌്.  ആവശ്യക്കാർ 7619267773 എന്ന നമ്പരിലാണ‌് വിളിക്കേണ്ടത‌്. സ‌്റ്റേഷന‌് പുറത്തേക്ക‌് ഈ സൗകര്യം ലഭിക്കില്ല. രണ്ട‌് മണിക്കൂർ ചാർജ‌് ചെയ‌്താൽ 24 മണിക്കൂറും ബാറ്ററി കാർ ഓടിക്കാനാകും. കാർ സർവീസിന്റെ  ഉദ‌്ഘാടനം റെയിൽവേ സ‌്റ്റേഷൻ മാനേജർ ഹരീഷ‌്കുമാർ നിർവഹിച്ചു.
പ്രധാന വാർത്തകൾ
Top