17 November Saturday

പൊസളിഗെയ്‌ക്കൊപ്പം ഡിവൈഎഫ്‌ഐയും

സ്വന്തം ലേഖകൻUpdated: Monday Jul 23, 2018

ഡിവൈഎഫ്ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ബെള്ളൂർ പൊസളിഗെ കോളനിയിൽ നടത്തിയ ‘വഴി നടക്കാൻ മണ്ണിന്റെ മക്കൾക്കൊപ്പം' ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനംചെയ്യുന്നു

മുള്ളേരിയ 
അയിത്തം കാരണം റോഡ് നിഷേധിക്കപ്പെട്ട  പൊസളിഗെയിലെ ജനങ്ങളുടെ വഴി നടക്കാനുള്ള അവകാശസംരക്ഷണത്തിന്‌  ഡിവൈഎഫ്ഐ. കാറഡുക്ക ബ്ലോക്ക് കമ്മിറ്റി  നേതൃത്വത്തിലാണ്   ‘വഴിനടക്കാൻ മണ്ണിന്റെ മക്കൾക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 
ഞായറാഴ്ച രാവിലെ നാട്ടക്കൽ കേന്ദ്രീകരിച്ച് നൂറുകണക്കിന് പ്രവർത്തകർ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും  മൂന്നു കിലോമീറ്ററോളം നടന്ന്  പൊസളിഗെ തോട്ടദ്മൂലെ കോളനിയിലെത്തി. പാതിവഴിയിൽ തൊപ്പിപാളയണിഞ്ഞ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോളനിവാസികൾ അഭിവാദ്യം ചെയ്തു സ്വീകരിച്ചു. ജന്മി  തടയുന്ന റോഡിലൂടെ തൂവെള്ളക്കൊടിയുമായി മാർച്ച് ചെയ്തു. ഭൂവുടയ്ക്ക് റോഡ് തടയുന്നതിന് ഒത്താശ ചെയ്യുന്ന ബിജെപി നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പ്രടകനത്തിൽ പ്രതിഷേധമുണ്ടായി.  
പഞ്ചായത്ത് റോഡ് കോളനിവാസികൾക്ക്‌  ലഭ്യമാകുംവരെയുള്ള പോരാട്ടങ്ങൾക്ക് ഡിവൈഎഫ്ഐ പിന്തുണ നൽകുമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌ത  ജില്ലാ സെക്രട്ടറി സി ജെ സജിത്ത് പറഞ്ഞു.  അയിത്തത്തിന്റെ മതിൽ തകർത്ത് റോഡ് നിർമിക്കാനും  സാധാരണ ജനങ്ങൾക്ക് സഞ്ചരിക്കാൻ വഴി ലഭിക്കുന്നതിനുമായുള്ള  എല്ലാ സഹായവും ചെയ്യും.  കെ പി രജീഷ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ ജയൻ, കെ രതീശൻ, കെ വി നവീൻ, ടി ആർ രാജേഷ്, സൂപ്പി എന്നിവർ സംസാരിച്ചു. ഭരത് സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു. 
ജയൻ കാടകം, പ്രവീൺ കാടകം എന്നിവരുടെ നേതൃത്വത്തിൽ നാടൻപാട്ട് അരങ്ങേറി. കോളനിവാസികളും പാട്ടു പാടാനിറങ്ങിയത് ആവേശമുണ്ടാക്കി. ഉച്ചഭക്ഷണവും കഴിഞ്ഞാണ് പ്രവർത്തകർ കോളനിയിൽ നിന്ന് പിരിഞ്ഞുപോയത്.  
 
 
പ്രധാന വാർത്തകൾ
Top