23 May Wednesday

മുതലപ്പൊഴി പൊഴിമുഖത്തെ മണ്ണ് നീക്കാൻ നടപടി; ബാർജ് എത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018

മുതലപ്പൊഴി പൊഴിമുഖത്തെ മണ്ണ് നീക്കാനായി എത്തിച്ച ബാർജ്‌

ചിറയിൻകീഴ്  > മുതലപ്പൊഴി പൊഴിമുഖത്തെ കല്ലും മണ്ണും നീക്കാൻ കൂറ്റൻ ബാർജ് എത്തി. അശാസ്ത്രീയമായ ഹാർബർ നിർമാണത്തെതുടർന്നാണ് പൊഴിമുഖത്ത് കല്ലും മണ്ണും അടിഞ്ഞത്. ബാർജ് എത്തിച്ച് കല്ലും മണ്ണും നീക്കാനായി രണ്ട് കോടിയുടെ കരാറാണ് നൽകിയത്.
 
ഡ്രഡ്ജിനുള്ള ഹിറ്റാച്ചി കോഴിക്കോട്ടുനിന്ന് ഉടനെത്തും. 15 മീറ്റർ നീളത്തിൽ ബൂമുള്ള ഹിറ്റാച്ചി ഉപയോഗിച്ച് ആറ് മീറ്റർവരെ താഴ്ചയിൽ കുഴിക്കാനാകും. ഈ ആഴ്ച അവസാനം ഡ്രഡ്ജിങ് ആരംഭിക്കുമെന്ന് ഹാർബർവകുപ്പ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ രാജീവ് പറഞ്ഞു. എൺപത്തയ്യായിരം ക്യൂബിക് മീറ്ററിൽ മണ്ണും 2000 ടൺ കല്ലുമാണ് പൊഴിമുഖത്ത് അടിഞ്ഞത്. ഇത് ശക്തമായ തിരമാലയും ചുഴിയും രൂപപ്പെടാനും ബോട്ടപകടങ്ങൾക്കും കാരണമായി. ഇതിനാൽ, ഈ ഭാഗത്ത് മത്സ്യബന്ധനം അസാധ്യമായി. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇവിടെ തുറമുഖനിർമാണം നടന്നത്.
 
 പെട്ടെന്ന് ഉദ്ഘാടനം നടത്താനായി അശാസ്ത്രീയമായ രീതിയിലാണ് നിർമാണം പൂത്തിയാക്കിയത്. അപകടങ്ങളിൽ നൂറോളം  മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പ്രശ്‌നപരിഹാരത്തിനായി എൽഡിഎഫ് സർക്കാർ പൊഴിമുഖത്തെ മണ്ണ് നീക്കാൻ തീരുമാനിക്കുകയായിരുന്നു. ഡ്രഡ്ജിങ്ങിനായി കൊണ്ടുവന്ന മത്സ്യവികസന കോർപറേഷന്റെ ഡ്രഡ്ജർ രണ്ടാം ദിവസംതന്നെ തകരാറിലായി. ഇതോടെ ഡ്രഡ്ജിങ് മുടങ്ങി. തുടർന്ന് രണ്ടുതവണ വിളിച്ച ടെൻഡറിൽ ആരും പങ്കെടുത്തില്ല. ഫെബ്രുവരി ആദ്യവാരം വീണ്ടും ടെൻഡർ വിളിക്കും.  ഡ്രഡ്ജിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിവികാരികളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ താഴംപള്ളിയിൽ 29ന് പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ നേതൃത്വത്തിൽ സമരക്കാരുമായി 25ന് ചർച്ച നടത്തും. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top