21 November Wednesday

രക്ഷാസൈന്യത്തിന‌് അമ്പലപ്പുഴ ദേശത്തിന്റെ ആദരം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 

അമ്പലപ്പുഴ
ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽനിന്ന് പതിനാറായിരത്തോളം മനുഷ്യജീവനുകളെ ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്കെത്തിച്ച്  അമ്പലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ. സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ അകപ്പെട്ടുപോയ ചെങ്ങന്നൂരിലും സമീപ സ്ഥലങ്ങളിലുമുള്ള ജീവനുകൾക്കുവേണ്ടിയാണ‌് അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന‌് പുറപ്പെട്ട 150ഓളം മത്സ്യത്തൊഴിലാളികൾ സാഹസികമായ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.
പ്രളയത്തിലകപ്പെട്ട് തണുത്ത‌് മരവിച്ചവർ, രക്ഷപ്പെടാൻ മാർഗമില്ലാതെ കുത്തൊഴുക്കിൽപ്പെട്ടവർ, വെള്ളം മേൽക്കൂരയിലെത്തപ്പോൾ വീടിന്റെ കഴുക്കോൽ പിടിവള്ളിയാക്കി ജീവനുവേണ്ടി യാചിച്ചവർ തുടങ്ങി കുത്തൊഴുക്കിലെ യാത്രയ‌്ക്കിടെ  സ്വന്തം ജീവൻപോലും പണയപ്പെടുത്തി ആയിരങ്ങളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും, സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സി ഷാംജിയുമുൾപ്പെട്ടവരുടെ സംഘം.
ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെ നിർദേശാനുസരണമാണ്  സംഘം രക്ഷാപ്രവർത്തനത്തിന് ചെങ്ങന്നൂരിലെത്തിയത്. ആദ്യദിവസം 14 വള്ളങ്ങളുമായാണ് പോയത്. 
തുടർന്നുള്ള ദിവസങ്ങളിൽ മത്സ്യഫെഡ്, ഫിഷറീസ് മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽനിന്നായി 36 വള്ളങ്ങൾകൂടി  ചെങ്ങന്നൂരിലെത്തിച്ചു. പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനൊപ്പം പിന്നീടെത്തിയ പട്ടാളക്കാർക്കുള്ള വഴികാട്ടികളുമായി കടലിന്റെ മക്കൾ അവർ ഏറ്റെടുത്ത ദൗത്യം നിർഹിച്ചു. 
ദുരന്തത്തിൽപ്പെട്ട്  ജീവനുവേണ്ടി വാവിട്ട് നിലവിളിക്കുന്ന ചിലരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചപ്പോൾ ഒരു തൊഴിലാളിക്ക് 5000 രൂപ വച്ചു നീട്ടി. മറ്റൊരു തൊഴിലാളിക്ക് വീട്ടമ്മ  സ്വർണവള ഊരി നൽകി. രണ്ടും മടക്കിനൽകുകയായിരുന്നു അവർ.
സൈന്യത്തിന്റെ ബോട്ടുകൾപോലും കുത്തൊഴുക്കിനെ മറികടക്കാൻ മത്സ്യത്തൊഴിലാളികളാണ് ഓടിച്ചത്.
മത്സ്യതൊഴിലാളികളുടെ സാഹസികമായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമായിരുന്നു ചെങ്ങന്നൂരിൽ ദുരന്തത്തിന്റെ ആഘാതം കുറയ‌്ക്കാനായത്. യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേഷും സുധീഷും ഉണ്ണിയും നേത‌ൃനിരയിൽ ഒപ്പമുണ്ടായിരുന്നു. 
എല്ലാത്തിനും രാപ്പകൽ  മുന്നിൽനിന്നു നയിക്കാൻ സജി ചെറിയാനും, ഭരണപരമായ പിന്തുണ നൽകി മന്ത്രിമാരായ ജി സുധാകരനും ഒപ്പം തോമസ‌് ഐസക്കും മത്സ്യഫെഡ‌് ചെയർമാൻ പി പി ചിത്തരഞ്‌ജനും. 
  രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സിപിഐ എം ജില്ലാ കമ്മിറ്റിയും, മത്സ്യത്തൊഴിലാളി യൂണിയനും ചേർന്ന് ആദരം നൽകും.
 ബുധനാഴ‌്ച രാവിലെ ഒമ്പതിന് കളർകോട് അഞ‌്ജലി ഓഡിറ്റോറിയത്തിൽ മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യും.  സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സമ്മേളനത്തിൽ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top