24 September Monday
ഘോഷയാത്ര കാണാൻ 1000 വിദേശികൾ

അനന്തപുരിയുടെ ഓണാഘോഷം ലോക കാർണിവലാകും

സ്വന്തം ലേഖകൻUpdated: Sunday Jul 22, 2018
തിരുവനന്തപുരം 
നഗരത്തിലെ ജനങ്ങൾക്കുമാത്രമുള്ള ദൃശ്യവിരുന്നായി ഇനി അനന്തപുരിയിലെ ഓണാഘോഷം ഒതുങ്ങില്ല. തലസ്ഥാനത്തിന്റെ ഓണാഘോഷം ലോകം ശ്രദ്ധിക്കുന്ന കാർണിവലാക്കാനുള്ള ഒരുക്കത്തിലാണ‌് സർക്കാർ. ആദ്യപടിയായി ഇത്തവണ ഘോഷയാത്ര വീക്ഷിക്കുന്നതിനായി ആയിരം വിദേശവിനോദ  സഞ്ചാരികളെയെങ്കിലും എത്തിക്കാനുള്ള തയ്യാറെടുപ്പ‌് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ  നേതൃത്വത്തിൽ ആരംഭിച്ചു.  ആഗസ‌്ത‌് 24ന‌് ആരംഭിക്കുന്ന ഓണം വാരാഘോഷത്തിന്റെ  കമനീയ ഘോഷയാത്ര 30ന‌് ആണ‌്. അന്ന‌്  കേരളത്തിലുള്ള വിദേശസഞ്ചാരികളെ തലസ്ഥാനത്ത‌് എത്തിക്കും. അവർക്ക‌് ഘോഷയാത്ര വീക്ഷിക്കുന്നതിനായി പ്രത്യേക സജ്ജീകരണം ടൂറിസം വകുപ്പ‌് ഒരുക്കും.  
 
ഇത്തവണ ഓണാഘോഷത്തിന‌് ഒരുക്കുന്ന  ഫ്ളോട്ട‌ുകളിലും വ്യത്യസ‌്തതയുണ്ടാകും. ഒരു ഫ്ളോട്ട‌് ദേശീയ ഐക്യം പ്രതിഫലിപ്പിക്കുന്നതായിരിക്കും. വിവിധ വകുപ്പുകളിൽ ചിലർ പേരിന‌് ഫ്ളോട്ട‌് അവതരിപ്പിക്കുന്ന രീതി മാറ്റും. സാമൂഹ്യപ്രതിബദ്ധതയിലൂന്നിയുള്ള  ഫ്ളോട്ടുകളായിരിക്കണം  എന്ന‌് തൈക്കാട‌് ഗസ്റ്റ‌് ഹൗസിൽ ചേർന്ന  ഓണാഘോഷ സംഘാടകയോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചു. ഘോഷയാത്രയിൽ  ഫ്ളോട്ടുകളുമായി   പങ്കെടുക്കുന്ന വകുപ്പുകൾ 31ന‌് മുമ്പായി രജിസ‌്റ്റർ ചെയ്യണം. അവതരിപ്പിക്കുന്ന ഫ്ളോട്ടുകളുടെ ആശയവും നൽകണം. മുഴുവൻ ഫ‌്ളോട്ടുകളുടെയും നിലവാരം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം അതത‌് വകുപ്പുമേധാവികൾക്കാണ‌്. 
 
ഇത്തവണ ആയിരം വിദേശ വിനോദസഞ്ചാരികളെ എത്തിക്കുന്നതിലൂടെ തലസ്ഥാനത്തിന്റെ ഓണാഘോഷം ലോകം ശ്രദ്ധിക്കുന്ന കാർണിവലാക്കി മാറ്റുന്നതിന്റെ തുടക്കംമാത്രമാണ്‌.  മുഴുവൻ സർക്കാർ, കേന്ദ്ര സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാനെത്തുന്ന വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം അടുത്ത വർഷം പതിന്മടങ്ങ‌് വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന‌് ടൂറിസം ഡയറക്ടർ പി ബാലകിരൺ ദേശാഭിമാനിയോട‌് പറഞ്ഞു. തൈക്കാട‌് ഗസ്റ്റ‌് ഹൗസിൽ നടന്ന യോഗത്തിൽ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി. ടൂറിസം സെക്രട്ടറി റാണി ജോർജ‌്, സംഘാടകസമിതി ഭാരവാഹികൾ, മുഴുവൻ വകുപ്പുകളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top