16 July Monday

വികസനപദ്ധതികള്‍ തടയാന്‍ ശ്രമിക്കുന്നത് ഭാവിയോടുള്ള ക്രൂരത: മന്ത്രി എം എം മണി

സ്വന്തം ലേഖകന്‍Updated: Thursday Dec 21, 2017

കാടുവെട്ടി മൈക്രോ ജലവൈദ്യുത പദ്ധതി ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രി എം എം മണി പദ്ധതിപ്രദേശം സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം > വികസനപദ്ധതികളെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി തടയാന്‍ ശ്രമിക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്ന് മന്ത്രി എം എം മണി പറഞ്ഞു. ആതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആവശ്യത്തിന് വൈദ്യുതി പുറമേനിന്ന് വാങ്ങിയിട്ടാണെങ്കിലും വൈദ്യുതി നിയന്ത്രണവും പവര്‍ക്കട്ടും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. ശാസ്തമംഗലത്തിന് സമീപത്തുള്ള കാടുവെട്ടിയില്‍  മൈക്രോ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
 തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് കാഞ്ഞിരംപാറ കാടുവെട്ടി പദ്ധതി. സംസ്ഥാന ഊര്‍ജവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇഎംസി) ആണ് പദ്ധതി നടപ്പാക്കുന്നത്. കൃത്രിമമായി സൃഷ്ടിക്കുന്ന ചുഴിയുടെ ശക്തിയിലാണ് വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നത്. 20 കിലോ വാട്ടാണ് ഉല്‍പ്പാദനശേഷി.  എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇഎംസി) ഡയറക്ടര്‍ കെ എം ധരേശന്‍ ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ വി കെ പ്രശാന്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ വഞ്ചിയൂര്‍ പി ബാബു, കൌണ്‍സിലര്‍ കാഞ്ഞിരംപാറ രവി, അനര്‍ട്ട് ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് ഡയറക്ടര്‍ ജി അനില്‍ നന്ദി പറഞ്ഞു.  
പ്രധാന വാർത്തകൾ
Top