14 December Friday

ബജറ്റ് പുനഃസംഘടന പരിഗണനയിൽ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

 

ആലപ്പുഴ 
പ്രളയാനന്തര കേരളത്തിന്റെ പുനഃർനിർമാണത്തിനായി കൂടുതൽ പണം കണ്ടെത്തുന്നതിന് ബജറ്റ് പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നതായി മന്ത്രി ജി സുധാകരൻ. മണ്ഡലങ്ങളിൽ നടക്കുന്ന ധനസമാഹരണ പരിപാടികളുടെ ജില്ലയിലെ സമാപനം ചെങ്ങന്നൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വീടുകളും മറ്റും നിർമിച്ച് നൽകാൻ പദ്ധതിയുള്ളവർക്ക‌് സർക്കാർ അംഗീകാരത്തോടെ അത് ചെയ്യാൻ അവസരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങൾക്ക് പലിശരഹിത വായ‌്പ നൽകുന്നുണ്ട്. ചെറുകിട വ്യാപാരികൾക്ക് 10 ലക്ഷം രൂപ പലിശരഹിത വായ‌്പ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 
ശാസ‌്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദുരന്തത്തെ മറികടക്കാനാണ് സർക്കാർ ശ്രമം. നദികളുടെ സംരക്ഷണത്തിന് മുൻഗണന നൽകും. വീട് നഷ‌്ടപ്പെട്ട എല്ലാവർക്കും വീട് നൽകും. അറ്റകുറ്റപ്പണിക്കും സർക്കാർ സഹായം നൽകും. 40,000 കോടി രൂപയുടെ നഷ‌്ടമാണ് കേരളത്തിലിപ്പോൾ കണക്കാക്കിയിട്ടുള്ളത്. ഇതിൽ 15,400 കോടിയും റോഡുകളുടെ നാശഷ‌്ടമാണ‌്. 
 ചെങ്ങന്നൂരിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഏഴ‌് കോടി രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.   
ജനസംഖ്യാനുപാതികമായും മണ്ഡലാനുപാതികമായും ധനസമാഹരണത്തിൽ ജില്ല സംസ്ഥാനത്ത്  മുന്നിലാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. സംസ്ഥാന സർക്കാർ വളരെ ഫലപ്രദമായി   ഇടപെട്ടതുകൊണ്ടാണ് വൻദുരന്തത്തിൽനിന്ന് കുട്ടനാടിനെയും ചെങ്ങന്നൂരിനെയും രക്ഷിക്കാൻ കഴിഞ്ഞതെന്ന്  മന്ത്രി പി തിലോത്തമൻ പറഞ്ഞു. സർക്കാർ ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 
 ധനസമാഹരണം രാവിലെ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലും തുടർന്ന് മാന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പൂർത്തിയായി. ചടങ്ങിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. കല‌ക‌്ടറുടെ ചുമതല വഹിക്കുന്ന എൻ പത‌്മകുമാർ, ആർഡിഒ അതുൽ സ്വാമിനാഥൻ,  മറ്റ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top