23 September Sunday

കൃഷിനാശം നഷ്ടപരിഹാരം ആദ്യഗഡുവായി 15.64 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
കൽപ്പറ്റ
കഴിഞ്ഞ ഒരാഴ്ചത്തെ മഴക്കെടുതിയിൽ കാർഷികമേഖലയിലുണ്ടായ നഷ്ടം നികത്താൻ സർകാർ ആദ്യ ഗഡുവായി 15.64 കോടി രൂപ അനുവദിച്ചു. അപേക്ഷ കിട്ടുന്ന മുറയ്ക്ക് കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത് വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്സാണ്ടർ പറഞ്ഞു. 2017‐18 വർഷത്തെ കുടിശ്ശികയും 2018‐19ലെ വേനൽ മഴയുടെ കൃഷി നഷ്ടം കൂടി കണക്കാക്കിയാണ് ആദ്യഗഡു അനുവദിച്ചത്. 
അതേ സമയം യഥാർഥ നഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ മടങ്ങി എത്തിയാലേ അവരുടെ അപേക്ഷകൾ കൃഷി ഭവനിൽ ലഭിക്കൂ. പല കർഷകരും ഇതുവരെ കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷ നൽകിയിട്ടുമില്ല. അവയെല്ലാം കൂടി കണക്കാക്കുമ്പോൾ മാത്രമേ യഥാർഥനഷ്ടം തിട്ടപ്പെടുത്താൻ കഴിയൂ.
 ആഗസ്ത് 16 വരെയുള്ള കണക്കനുസരിച്ച് 36.09 കോടിയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 314 ഹെക്ടർ നെൽകൃഷി നശിച്ചു. ഈയിനത്തിൽ 78.4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 314 ഹെക്ടർ ഞാറ്റടിയാണ് നശിച്ചത്. ഏറ്റവും കൂടുതൽ നശിച്ചത് വാഴ കൃഷിയാണ്. ആഗസ്ത് 16 വരെയുള്ള കണക്കനുസരിച്ച്  1413600 വാഴയാണ് നശിച്ചത്. 28.27 കോടിയുടെ നഷ്ടം കണക്കാക്കുന്നു. 84825 കുലക്കാത്ത വാഴകൾ നശിച്ചത് വഴി 4.27 കോടിയുടെ നഷ്ടം കണക്കാക്കുന്നു.
  മറ്റ് വിളകളുടെ നഷ്ടക്കണക്ക് ചുവടെ: വിളനാശം  ബ്രാക്കറ്റിൽ  നഷ്ടം എന്ന ക്രമത്തിൽ. 
കമുക് 9170 (22.85 ലക്ഷം) തെങ്ങ് 199 (2.78 ലക്ഷം) റബർ 5860 (51 ലക്ഷം) കുരുമുളക് 10680 (16 ലക്ഷം) കാപ്പി 460180 (69.3 ലക്ഷം) കപ്പ 60 ഹെക്ടർ (9.78 ലക്ഷം) ഇഞ്ചി  58ഹെക്ടർ (11.6 ലക്ഷം) പച്ചക്കറി 14 ഹെക്ടർ (4.9 ലക്ഷം) കിഴങ്ങ് വർഗങ്ങൾ 7ഹെക്ടർ (2.9 ലക്ഷം). 
 

 

പ്രധാന വാർത്തകൾ
Top