14 November Wednesday
ഐഎൻടിയുസിക്കാർ ഏറ്റുമുട്ടി

കശുവണ്ടി ഫാക്ടറിയിൽ ബോണസ് വിതരണം വൈകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
കൊല്ലം
കശുവണ്ടി ഫാക്ടറിയിൽ സംഭാവന പിരിവിനെചൊല്ലി ഐഎൻടിയുസി പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. തുടർന്ന് ഓണം ബോണസ് വിതരണം മണിക്കൂറോളം വൈകി. കശുവണ്ടി വികസന കോർപറേഷന്റെ അയത്തിൽ ഫാക്ടറിയിൽ തിങ്കളാഴ്ചയാണ് സംഭവം. ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന സവിൻ സത്യൻ, മംഗലത്ത് രാഘവൻ നായർ എന്നിവരുടെയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ അനുകൂലിക്കുന്ന കാഞ്ഞിരംവിള അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമാണ് ഏറ്റുമുട്ടിയത്. രാവിലെ പത്തിനാണ് ബോണസ് വിതരണം തീരുമാനിച്ചിരുന്നത്. 
ഇതിന്റെ ഭാഗമായി കോർപറേഷൻ ഉദ്യോഗസ്ഥർ കൃത്യസമയത്തു തന്നെ പണവുമായി ഫാക്ടറിയിൽ എത്തിയിരുന്നു. എന്നാൽ ഭിന്നിച്ചുനിൽക്കുന്ന ഐഎൻടിയുസി യൂണിയൻ നേതാക്കൾ ഓണപ്പിരിവിനെചൊല്ലി തർക്കമാകുകയായിരുന്നു. ഇത് കൈയ്യാങ്കളിയിലാണ് കലാശിച്ചത്. തൊഴിലാളികൾക്ക് മുന്നിൽ പരസ്പരം അസഭ്യം വിളിക്കുകയും പോർവിളിയുയർത്തുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബോണസ് വിതരണം നീണ്ടതോടെ കശുവണ്ടിത്തൊഴിലാളികൾ ഒന്നടങ്കം ഐഎൻടിയുസിക്കെതിരെ രംഗത്തെത്തി. ഇതിനിടെ സ്ഥലത്തെത്തിയ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ബോണസ് വിതരണത്തിന് സഹകരിക്കണമെന്ന് ഐഎൻടിയുസി നേതാക്കളോട് അഭ്യർഥിച്ചു. ഇതോടെ ഐഎൻടിയുസിക്കാർ പുറത്തുപോയി തർക്കമായി.  
ഐഎൻടിയുസിക്കാർ പുറത്തുപേയാതിനെ തുടർന്ന് വൈകിട്ട് നാലോടെയാണ് ബോണസ് വിതരണം തുടങ്ങിയത്. 600 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉള്ളത്. 9500 രൂപ വീതം ഒരു കോടി രൂപയാണ് ബോണസായി ഇവിടെ വിതരണം ചെയ്യുന്നത്. ജില്ലയിൽ ഏറെ നാളായി കശുവണ്ടി ഫാക്ടറികളിൽ ഐഎൻടിയുസി രണ്ട് യൂണിയനായിട്ടാണ് പ്രവർത്തനം. ഇത് പലപ്പോഴും സംഘർഷത്തിനും ഇടയാക്കിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top