19 November Monday

ശുചീകരണം 4 ദിവസത്തിനകം പൂര്‍ത്തിയാക്കണം: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
കൊല്ലം
ജില്ലയിലെ വെള്ളപ്പൊക്ക മേഖലകളിലെ ശുചീകരണം നാലു ദിവസത്തിനകം പൂർത്തിയാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നിർദേശിച്ചു. മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനത്തിന്റെ തുടർച്ച സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകൾ മുൻകൈയെടുത്ത് ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കണം. ലഭ്യമായ എല്ലാ സംവിധാനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തണം. വെള്ളമിറങ്ങിയ മേഖലകൾ അതിവേഗം ശുചീകരിക്കാൻ നടപടി സ്വീകരിക്കണം. 
പകർച്ച രോഗങ്ങൾ പടരുന്നത് തടയാനുള്ള മുൻകരുതലിന് ആരോഗ്യവകുപ്പ് പ്രഥമ പരിഗണന നൽകണം.  ആരോഗ്യ പ്രശ്‌നങ്ങളിലും വിദഗ്ധരുടെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളിലും വീടുകളിലും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് ആവശ്യമായ പരിശോധനകളും മരുന്ന് വിതരണവും നടത്തണം. ഓരോ പഞ്ചായത്തുകളിലും താൽക്കാലികാടിസ്ഥാനത്തിൽ ആറ‌് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിച്ച് പ്രവർത്തനങ്ങൾ സജീവമാക്കണം.
റവന്യൂ, പൊലീസ് വിഭാഗങ്ങൾ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഏകോപനത്തോടെ പ്രവർത്തിക്കണം. ഇതിന‌് ജനമൈത്രി പൊലീസിന്റെ പൂർണ സഹകരണം ഉറപ്പാക്കണം.  ആദ്യഘട്ട ദുരിതാശ്വാസ നടപടികൾ വിജയകരമായ സാഹചര്യത്തിൽ തുടർ പ്രവർത്തനങ്ങളിലും കാര്യക്ഷമത ഉറപ്പാക്കണമെന്നും അവർ പറഞ്ഞു‌. 
ജല അതോറിറ്റി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവർത്തനം ഊർജിതപ്പെടുത്തണം. പൈപ്പ് വഴി കുടിവെള്ളം എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ടാങ്കറുകളിൽ വെള്ളം ലഭ്യമാക്കുന്നത്  തുടരണം  കുഴൽക്കിണറുകൾ പരമാവധി പ്രയോജനപ്പെടുത്തി ജല ദൗർലഭ്യം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.  
കലക്ടർ  എസ‌് കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസ്, റവന്യൂ, പഞ്ചായത്ത്, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ചു. കേരള വാട്ടർ അതോറിറ്റിയും വൈദ്യുതി വകുപ്പും അടിയന്തര സാഹചര്യം നേരിടുന്നതിൽ കുറ്റമറ്റ പ്രവർത്തനമാണ് നടത്തിയത്. 
രക്ഷാപ്രവർത്തനത്തിന്  സഹായകമാകുംവിധം വിവരങ്ങൾ കൈമാറുന്നതിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തിയ ഇടപെടൽ ശ്രദ്ധേയമായതായും മന്ത്രി പറഞ്ഞു. അവധിയെടുക്കാതെ 24 മണിക്കൂർ സേവനം കാഴ്ചവച്ച ജില്ലയിലെ ഉദ്യോഗസ്ഥരെയും  മന്ത്രി അഭിനന്ദിച്ചു. 
ജില്ലയിൽ മഴക്കെടുതി പ്രവർത്തനങ്ങളുടെ തുടർച്ച കാര്യക്ഷമമായി നിർവഹിക്കാൻ കലക്ടർ ഡോ. എസ്. കാർത്തികേയൻ നിർദേശിച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കിണറുകളും മറ്റു  കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യണം. 
പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങളും കുടിവെള്ളം, സാനിട്ടറി തകരാർ എന്നിവയും പരിഹരിക്കുന്നതിനാവശ്യമായ വിദഗ്ധരുടെ സാന്നിദ്ധ്യം ബന്ധപ്പെട്ട വകുപ്പുകളും പഞ്ചായത്തുകളും ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. 
മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, സിറ്റി പൊലീസ് കമീഷണർ അരുൾ ആർ ബി കൃഷ്ണ, സബ് കലക്ടർ ഡോ. എസ്  ചിത്ര, എഡിഎം ബി ശശികുമാർ,  മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരജ്ഞൻ, എം ഡി ലോറൻസ് ഹരോൾഡ്, അസിസ്റ്റന്റ് പൊലീസ് കമീഷണർ എ  പ്രതീപ് കുമാർ എന്നിവരും  പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top