25 September Tuesday
ആത്മഹത്യാ ഭീഷണി

യുവാവിനെ ഫയർഫോഴ്‌സ് കീഴ്‌പ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018
വെഞ്ഞാറമൂട് > അച്ഛനെ സ്ഥലത്തെത്തിക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്‌സ് തന്ത്രപൂർവം കീഴ്‌പ്പെടുത്തി. കല്ലറ കുറ്റിമൂട് വാവുപ്പാറ തടത്തരികത്ത് വീട്ടിൽ രാജു(38)വാണ് അടച്ചിട്ട കട മുറിക്കുള്ളിൽ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും പാചക വാതക സിലിണ്ടർ തുറന്ന് വയ‌്ക്കുകയും ചെയ്ത ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന്  ഭീഷണി മുഴക്കിയത‌്. 
കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു സംഭവം. വീടിനു സമീപമുള്ള പൂട്ടിയിട്ടിരുന്ന കടമുറികളിലൊന്നിന്റെ എയർഹോളിന്റെ ഭാഗത്തുനിന്ന‌് ഇയാൾ കല്ലുകൾ ഇളക്കി മാറ്റി. അതിലൂടെ അകത്ത് കടന്ന ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന്  വെഞ്ഞാറമൂട് ഫയർ ഫോഴ‌്സിനു ഫോൺ ചെയ്യുകയുമായിരുന്നു. ഇയാളുടെ അഛൻ സഹോദരിയുടെ വീട്ടിലേക്ക്‌ കഴിഞ്ഞ ദിവസം പോയിരുന്നു. 
തന്റെ അച്ഛനെ എത്രയും വേഗം സ്ഥലത്തെത്തിക്കണമെന്നും യുവാവ‌് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും മുറി തുറക്കാനായില്ല.  അഗ്നിശമനസേനാ ഉദ്യോഗസ്ഥർ  കിളിമാനൂർ പൊലീസിൽ വിവരമറിയിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും അടുത്ത വീടുകളിൽനിന്ന‌് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കടയ്ക്കലായിരുന്ന ഇയാളുടെ അച്ഛനെ വിവരമറിയിച്ച് സ്ഥലത്തെത്തിക്കാനുള്ള ശ്രമവും തുടങ്ങി. യുവാവിന്റെ അച്ഛൻ സ്ഥലത്തെത്തി ഫയർഫോഴ്‌സിന‌് കടയുടെ താക്കോൽ കൈമാറി. തുടർന്ന് ഫയർ ഫോഴ്‌സ് ഷട്ടർ ഉയർത്തി വെള്ളം ചീറ്റി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top