22 September Saturday
വർഗീയത തുലയട്ടെ

24 മണിക്കൂർ എസ്എഫ്ഐ ധർണ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018
 
തിരുവനന്തപുരം
രക്തസാക്ഷി അഭിമന്യു അവസാനമായി എഴുതിയ മുദ്രാവാക്യം ഉയർത്തി എസ്എഫ്‌ഐ ജില്ലാകേന്ദ്രങ്ങളിൽ സംഘടിപ്പ 24 മണിക്കൂർ ധർണ സമാപിച്ചു. ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം തീർക്കാൻ ഓരോ ജില്ലയിലും അലകടലായി വിദ്യാർഥികളെത്തി. 
തിരുവനന്തപുരത്ത് ബുധനാഴ്ച രാവിലെ ആരംഭിച്ച 24 മണിക്കൂർ സത്യഗ്രഹം വ്യാഴാഴ്ച പകൽ 11ന് അവസാനിച്ചു. സമാപനസമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എ എ റഹിം ഉദ്ഘാടനം ചെയ്തു.  എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം പ്രവീൺ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, ജില്ലാ സെക്രട്ടറി ഷിജിത് ശിവാസ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ സാജു എന്നിവർ സംസാരിച്ചു. 
രാപ്പകൽ നീണ്ട ധർണയിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരും പുരോഗമനസംഘടനകൾ ഒന്നാകെയും അഭിവാദ്യം അർപ്പിക്കാനെത്തി. കവി ഏഴാച്ചേരി രാമചന്ദ്രൻ, സംവിധായകൻ കമൽ, മുരുകൻ കാട്ടാക്കട,  വിനോദ് വൈശാഖി, കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ, നാടകപ്രവർത്തക ഷൈലജ പി അമ്പു, ഡോ. സി ഉണ്ണിക്കൃഷ്ണൻ തുടങ്ങി നിരവധിപേർ ധർണയിലെത്തി അഭിവാദ്യം അർപ്പിച്ചു.  
കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ, ട്രിഡ ചെയർമാൻ സി ജയൻബാബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  എൻ രതീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം അഭിമന്യു മഹാരാജാസ് ലൈബ്രറിക്കുവേണ്ടി സ്വരൂപിച്ച പുസ്തകങ്ങൾ സംവിധായകൻ കമൽ എസ്എഫ്‌ഐ നേതാക്കൾക്ക് കൈമാറി. 
ഡിവൈഎഫ്‌ഐ, എൻജിഒ യൂണിയന്റെ നോർത്ത്? സൗത്ത് ജില്ലാ കമ്മിറ്റികൾ, സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കെജിഒഎ, കെഎസ്ടിഎ തുടങ്ങി നിരവധി തൊഴിലാളി, സർവീസ്,  ബഹുജന സംഘടനകൾ അഭിവാദ്യം അർപ്പിച്ചു. കുരുന്നുഗായിക  പ്രാർഥനയും വിപ്ലവപ്പാട്ടുകളുമായി ചേട്ടന്മാർക്കും ചേച്ചിമാർക്കും ആവേശം പകർന്നു.
 
 
പ്രധാന വാർത്തകൾ
Top