20 September Thursday

ബത്തേരിയിലെ ഹോട്ടലുകളിൽ പരിശോധന തുടരും: നഗരസഭ

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018
ബത്തേരി
നഗരത്തിലെ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗ നടത്തുന്ന പരിശോധന ഒഴിവാക്കാനാവില്ലെന്നും,പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായുള്ള കടപരിശോധനകൾ തുടരുമെന്നും നഗരസഭാ സെക്രട്ടറി എൻ കെ അലിഅസ്ഹർ പറഞ്ഞു. നഗരസ ഭ വിളിച്ച് ചേർത്ത ടൗൺ പരിധിയിലെ മുഴുവൻ ഹോട്ടൽഉടമകളുടേയും യോഗത്തിലാണ് സെക്രട്ടരി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ബത്തേരി ടൗണിൽ നടത്തിയ ഹോട്ടൽ പരിശോധനയ്ക്ക് ഹോട്ടൽ ഉടമകളും, വ്യാപാരിസംഘടനകളും പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് നഗരസഭ യോഗം വിളിച്ച് ചേർത്തത്.
    ബത്തേരി നഗരത്തിലെ ഹോട്ടലുകളിൽ ശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.   ഹോട്ടലുകളിലും മെസ്സുകളിലും പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കരുത്. ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണം.മുഴുവൻ തൊഴിലാളികൾക്കും നിർബന്ധമായും ഹെൽത്ത് കാർഡ് എടുക്കണം. 
ഹോട്ടൽ പരിശോധനയുടെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും, പഴകിയതും,ഗുണനിലവാരമില്ലാത്തുമായ ഭക്ഷ്യസാധനങ്ങൾ വിൽക്കുകയില്ലെന്നും വ്യാപാരികളും അറിയിച്ചു. നഗരസഭാ ചെയർമാൻ ടി എൽ സാബു അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി കെ സഹദേവൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ബാബു അബ്ദുൾ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി മനോജ്, പി എസ് സുധീർ, വ്യാപാരി നേതാക്കൻമാരായ പി വൈ മത്തായി, കാദർ ചിങ്കിളി, കെ കെ വാസുദേവൻ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
Top