24 September Monday

ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നില്ല കെഎസ്‌ഇബി വകുപ്പുതല അന്വേഷണം തുടങ്ങി

ജയരാജ്‌ കുണ്ടംകുഴിUpdated: Tuesday Jun 19, 2018
ബദിയഡുക്ക
അടിയന്തര ഘട്ടങ്ങളിൽപോലും ഓഫീസിലെത്താതെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ജോലിക്കെത്തി ഹാജർ ബുക്കിൽ  എല്ലാ ദിവസങ്ങളിലേയും ഹാജർ ചേർക്കുന്ന ബദിയഡുക്ക കെഎസ്ഇബി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മറിമായത്തിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് കാസർകോട് എക്സിക്യൂട്ടീവ് എൻജിനീയർ പി ജയകൃഷ്ണൻ ബദിയഡുക്ക കെഎസ്ഇബി ഓഫീസിലെത്തി അസിസ്റ്റന്റ്‌  എൻജിനിയറോട്‌  വിശദീകരണം ചോദിച്ചു.
കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കൃത്യമായി ജോലിക്ക് എത്താത്ത നടപടി ഉപഭോക്താക്കളിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.  ലൈൻമാന്മാർക്ക് മുകളിലുള്ള തസ്തിക കളിൽ ജോലി ചെയ്യുന്നവരാണ് ‘മുങ്ങൽ'വിദഗ്‌ധരായിട്ടുള്ളത്. ബില്ലിങ്‌ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഐഎൻടിയുസി നേതാവ് അടക്കമുള്ളവർ മെയ് മാസത്തിൽ ഓഫീസിൽ എത്തിയത് മൂന്നോ നാലോ ദിവസംമാത്രം. ഓഫീസിലെ ഹാജർ ബുക്കിൽ ഇരുപത്തിഏഴാം നമ്പറിൽ പേരുള്ള ഐഎൻടിയുസി നേതാവ് ജോലിക്കെത്തിയിട്ടില്ല. മെയ് മാസത്തിൽ നാലു ദിവസം  ഓഫീസിൽ ഹാജരായ ഇയാളുടെ ഹാജർ ഫുൾ ആണ്. ജൂൺ ഒമ്പതുവരെയുള്ള   ദിവസങ്ങളിലും ഇയാൾ ഓഫീസിൽ ഹാജരല്ല എന്നത് ഓഫീസിലെ ഹാജർ ബുക്ക് വ്യക്തമാക്കുന്നു. 
വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. അപ്പർ ബസാർ യൂണിറ്റ് പ്രവർത്തകരാണ്‌ ഒാഫീസിലെത്തി പ്രതിഷേധിച്ചത്‌.  ബദിയഡുക്ക കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് എൻജിനിയർ  പി ജയകൃഷ്ണൻ ദേശാഭിമാനിയോട് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top