Top
22
Wednesday, November 2017
About UsE-Paper
മാര്‍ച്ചിനുമുമ്പ് പൂര്‍ത്തിയാക്കും

പത്മനാഭസ്വാമിക്ഷേത്ര പരിസര വികസനത്തിന് 78 കോടിയുടെ പദ്ധതി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > ക്ഷേത്രനഗരിയുടെ പ്രൌഢി കൂട്ടുന്നതരത്തില്‍  ശ്രീപത്മനാഭസ്വാമിക്ഷേത്ര പരിസര വികസനത്തിന് 78.55 കോടിയുടെ പ്രവൃത്തികള്‍ക്ക് തുടക്കമാകുന്നു. ക്ഷേത്രത്തിന്റെ നാല് നടകളുമായി ബന്ധപ്പെട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുക. സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗ്രാനൈറ്റ് പാകിയ നടപ്പാതകളും റോഡുകളും, നടപ്പാതകള്‍ക്കുചുറ്റും പച്ചപ്പ്, കുടിവെള്ള സംവിധാനം, ഇ ടോയ്ലെറ്റുകള്‍ തുടങ്ങിയവയും ഉണ്ടാകും. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി യുജി കേബിളുകള്‍ ഉപയോഗിച്ച് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കും. ക്ഷേത്രനടകളിലേക്കെത്തുന്ന റോഡുകള്‍ ഗ്രാനൈറ്റ് പാകി പൈതൃകഭംഗി നിലനിര്‍ത്തും. പത്മതീര്‍ഥക്കുളം വറ്റിച്ച് നവീകരണപ്രവര്‍ത്തനം നടത്തും. പടവുകള്‍ പുനര്‍നിര്‍മിക്കാനും പദ്ധതിയുണ്ട്. 
 
സന്ദര്‍ശകരുടെ പ്രധാന പ്രശ്നമായി പാര്‍ക്കിങ്ങിനുള്ള പരിഹാരം പദ്ധതിയുടെ ഭാഗമായി കണ്ടെത്തേണ്ടതുണ്ട്. അതിനായി വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി അവര്‍ക്കുകൂടി ഉപയുക്തമായതരത്തില്‍ വിനിയോഗിക്കാനുള്ള ചര്‍ച്ച നടത്തിവരികയാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ പറഞ്ഞു. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്, നിര്‍മിതി കേന്ദ്ര എന്നീ ഏജന്‍സികള്‍ക്കാണ് നിര്‍വഹണച്ചുമതല. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തികവര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറേനടയുടെയും തെക്കേനടയുടെയും വികസനപ്രവര്‍ത്തനങ്ങള്‍ ഡിസംബറിനുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് നിര്‍വഹണച്ചുമതലയുള്ള ഭവന നിര്‍മാണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്മതീര്‍ഥക്കുള നവീകരണമടക്കമുള്ള കിഴക്ക്, വടക്ക് നടകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് ചുമതലയുള്ള നിര്‍മിതി കേന്ദ്രം പ്രതിനിധികളും അറിയിച്ചു. 
 20ന് വിവിധ വകുപ്പുകള്‍ സംയുക്തമായി സ്ഥലം പരിശോധിച്ച് സ്വീവേജ്, കുടിവെള്ളം, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ പൈപ്പുകളുടെയും കേബിളുകളുടെയും നിലവിലുള്ള അവസ്ഥയും അണ്ടര്‍ ഗ്രൌണ്ട് കേബിളുകളുടെ സാധ്യതയും വിലയിരുത്തും. റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും വാര്‍ഡ് കൌണ്‍സിലറും സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിക്കും. ആചാരാനുഷ്ഠാനങ്ങള്‍ക്കും സാങ്കേതിക കാര്യങ്ങള്‍ക്കും ഭംഗം വരാത്ത തരത്തില്‍ പ്രദേശവാസികളുമായി സഹകരിച്ച് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ എസ് വെങ്കടേസപതി നിര്‍ദേശിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെയും റസിഡന്‍സ് അസോസിയേഷന്റെയും രാജകുടുംബത്തിന്റെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.