28 May Monday

കോട്ടക്കല്‍ > എടരിക്കോട് പഞ്ചായത്തില്‍ മുസ്ളിംലീഗിനകത്തെ തര്‍ക്കംമൂലം പഞ്ചായത്ത് പ്രസിഡന്റ് ആബിദ തൈക്കാടന്‍ സ്ഥാനം രാജിവച്ചു.

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017
 
പഞ്ചായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും വൈസ് പ്രസിഡന്റ് വി ടി സുബൈര്‍ തങ്ങളുടെ ഏകാധിപത്യ പ്രവണതക്കുമെതിരെ മുസ്ളിംലീഗില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കിയതില്‍ വ്യാപക അഴിമതി ആരോപണവും ഉയര്‍ന്നിരുന്നു. 
പഞ്ചായത്തിലെ ജീവനക്കാരോട് വൈസ് പ്രസിഡന്റ് മോശമായി പെരുമാറുകയും വൈസ് പ്രസഡന്റ് പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന രീതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറാകാത്തതിനാല്‍ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് എടരിക്കോട് പഞ്ചായത്തിലെ ജീവനക്കാര്‍ കൂട്ടത്തോടെ സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. 
പഞ്ചായത്തില്‍ നേരത്തെ ഉണ്ടായിരുന്ന ജീവനക്കാരില്‍ പലരും സ്ഥലം മാറിപ്പോയി. അതിന് ശേഷം എത്തിയ സെക്രട്ടറിയോടും മോശമായി പെരുമാറിയതിനാല്‍ സെക്രട്ടറി ദീര്‍ഘകാലത്തേക്ക് ലീവില്‍ പോയി. ഇതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. 
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും തമ്മിലായിരുന്നു മത്സരിച്ചത്. എന്നാല്‍ പഞ്ചായത്തിലെ പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ നീക്കം നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഒരംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കുകയും മുസ്ളിംലീഗിലെ പഞ്ചായത്ത് മെമ്പറായ മണമ്മല്‍ ജലീലിന്റെ ഭാര്യക്ക് പ്രസിഡന്റ് സ്ഥാനം നല്‍കാനുമുള്ള നീക്കം നടക്കുന്നുണ്ട്. 
പദ്ധതി നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണവും എടരിക്കോട് പഞ്ചായത്തില്‍ നടക്കുന്നുണ്ട്. 
 
പ്രധാന വാർത്തകൾ
Top