Top
20
Thursday, July 2017
About UsE-Paper

ഇരുവഞ്ഞി ഒഴുകുന്നു; വാട്്സ്ആപ്പ് പകര്‍ന്ന ജീവഗീതത്തിനൊപ്പം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > നിര്‍ത്താത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന ഇരുവഞ്ഞി പുഴയിലെ വെള്ളത്തിലിപ്പോള്‍ അറവുമാലിന്യങ്ങളുടെ രൂക്ഷ ഗന്ധമില്ല. ഒഴുക്ക് തടസ്സപ്പെടുത്തിയിരുന്ന മാലിന്യചാക്കുകള്‍ തീരത്തുപോലും കാണാന്‍ പ്രയാസം. മരണത്തിലേക്കടുത്ത ഒരു പുഴയ്ക്ക് വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ ജീവശ്വാസം പകരുകയാണ് നാട്. ജില്ലയുടെ കിഴക്കന്‍ മലയോരത്തെ സുന്ദരിയാക്കുന്ന ഇരുവഞ്ഞി പുഴയാണ് നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍ ഒഴുകുന്നത്.
ചാക്കില്‍ നിറച്ച മാലിന്യക്കെട്ടുകളും പ്ളാസ്റ്റിക് കവറുകളും ഇറച്ചിമാലിന്യങ്ങളുമൊക്കെയായി  തട്ടിയും തടവിയും കിതയ്ക്കുകയായിരുന്നു ഇരുവഞ്ഞി.  മാലിന്യം കൂടി ഓക്സിജന്‍ കുറയുന്നതിനാല്‍ മത്സ്യങ്ങള്‍ പുഴയില്‍ വ്യാപകമായി ചത്തുപൊങ്ങി. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് ഇരുവഞ്ഞിയെ രക്ഷിക്കാന്‍ 'എന്റെ സ്വന്തം ഇരുവഞ്ഞി' വാട്സ്ആപ്പ് കൂട്ടായ്മ പിറവികൊണ്ടത്. നാട്ടുകാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സിഡബ്ള്യുആര്‍ഡിഎം ശാസ്ത്രജ്ഞര്‍ തുടങ്ങിയവരൊക്കെ ഈ ഗ്രൂപ്പിലുണ്ട്. മുക്കം-കൂളിമാട് ഭാഗത്തുനിന്നായി 250ഓളം അംഗങ്ങളുള്ള ഗ്രൂപ്പ് പുഴ സംരക്ഷണത്തില്‍ സജീവമാകുന്ന കാഴ്ചയായിരുന്നു പിന്നീട്. 
മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ഗ്രൂപ്പംഗങ്ങള്‍ ജാഗരൂകരായി. മാലിന്യം തള്ളല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ വിവരങ്ങള്‍ ഗ്രൂപ്പിലിടും. അംഗങ്ങള്‍ സംഘടിച്ച് പ്രതികളെ പിടിച്ച് താക്കീത് നല്‍കി പൊലീസില്‍ പരാതി നല്‍കും.  മാലിന്യം കൂട്ടമായി നീക്കുന്നതിനൊപ്പം ജാഗ്രതാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇടവേളകളില്‍ ഗ്രൂപ്പ് അംഗങ്ങള്‍ യോഗംചേരും. വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദ്യം ജനകീയ പരിപാടികളാണ് ഒരുക്കിയത്.  ജനങ്ങളെ പുഴയിലേക്ക് ഇറക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങള്‍ക്ക്  പുഴയുമായി ബന്ധമില്ലാത്തതാണ് മലിനപ്പെടുത്തുന്നതിനിടയാക്കുന്നതെന്ന കണ്ടെത്തലായിരുന്നു ഇതിനുപിന്നില്‍. ആദ്യമായി നടത്തിയത് ബോട്ടില്‍ 'ഇരുവഞ്ഞിയിലൂടെ അന്വേഷണസഞ്ചാരം'.  ജനപ്രതിനിധികളും മറ്റു പ്രമുഖരും ഉള്‍പ്പെടെ 60ഓളം പേരാണ് യാത്ര നടത്തി പുഴയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയത്. പുഴയിലും തീരത്തും വ്യാപകമായി പ്ളാസ്റ്റിക് മാലിന്യങ്ങള്‍, മറ്റ് അറവ് മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞ് കൂടിയത് കണ്ടെത്തി. ആളുകളെ പുഴയിലേക്ക് ഇറക്കാനായി 'കുളിമുറിയില്‍ നിന്ന് കുളക്കടവിലേക്ക്' എന്ന പേരില്‍ 200 പേര്‍ ചേര്‍ന്ന് കൂട്ട കുളി സംഘടിപ്പിച്ചു. പിന്നീട് വലനെയ്യല്‍, മീന്‍പിടിത്തം തുടങ്ങിയവയും  നടത്തി. മുക്കം മുതല്‍ വെള്ളരിമല വരെ 50 ബൈക്കുകളിലായി റാലി, നാടകം, കവിതാലാപനം തുടങ്ങിയവയും ഉണ്ടായി. കാഞ്ചനമാല, ജോര്‍ജ് എം തോമസ് എംഎല്‍എ എന്നിവരും പങ്കെടുത്തു. ബോധവല്‍ക്കരണം, ശില്‍പ്പശാല തുടങ്ങിയവ ഇപ്പോഴും തുടരുന്നു.

Related News

കൂടുതൽ വാർത്തകൾ »