12 December Wednesday

നാടകം അറിഞ്ഞും പഠിച്ചും കുട്ടികൾ

സ്വന്തം ലേഖകൻUpdated: Thursday May 17, 2018
ചെറുവത്തൂർ 
ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കിഴക്കേമുറി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച നാടകക്കളരി കളിക്കൂട്ടം കുട്ടികൾക്ക് നാടക പഠനക്കളരിയായി. നാടകത്തെ അറിഞ്ഞും മനസ്സിലാക്കിയും പുതിയ നാടക കൂട്ടായ്മ രൂപപ്പെടുത്തുകയാണ്. 
കുട്ടികൾക്ക് അഭിനയം, സംവിവിധാനം, രചന, ലൈറ്റ്, മ്യൂസിക്, ചമയങ്ങൾ എന്നിവയെ കുറിച്ച് അറിയാനും അത് പരിശീലിക്കാനും ക്യാമ്പിൽ വിവിധ സെഷനുകളാണ് ഒരുക്കിയത്. നാടകം കളിച്ച് പോകുന്നതിലപ്പുറം എല്ലാ തലങ്ങളെയും കുറിച്ച് പഠിക്കുകയാണ് കളിക്കൂട്ടം ക്യാമ്പിൽ. ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, അസി. ഡയറക്ടർ രാമചന്ദ്രൻ തുരുത്തി എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച നാടക പ്രവർത്തകർ കുട്ടികൾക്കൊപ്പം വിവിധ സെഷനുകളിൽ ചേരുന്നു. ക്യാമ്പ് 18ന് സമാപിക്കും. ജില്ലയിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുള്ള 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അഭിനയത്തോടൊപ്പം നാടക നിർമിതിയുടെ എല്ലാവശങ്ങളെക്കുറിച്ചും പ്രാഥമിക ധാരണയുണ്ടാക്കുന്നതോടൊപ്പം ഒരു നാടകം കൂടി രൂപപ്പെടുത്തും. സമാപന നാളിൽ കളരിയിൽ നാടകം സദസിനു മുന്നിൽ അവതരിപ്പിക്കും. കൂടാതെ ഓണക്കാലത്ത് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന  സാംസ്കാരിക ജാഥയിൽ കുട്ടികളുടെ നാടക സംഘം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കും.
നാടക കളരിയുടെ ഭാഗമായി സംഘടിപ്പിച്ച നാടക കൂട്ടായ് തെലങ്കാനയുടെ വിപ്ലവപോരാട്ട കഥ സൂര്യാപേട്ട് എന്ന നാടകത്തിലൂടെ കൈരളിക്ക് സമ്മാനിച്ച പി വി കെ പനയാൽ ഉദ്ഘാടനംചെയ്തു. മുനമ്പത്ത് ഗോവിന്ദൻ, വി അമ്പൂഞ്ഞി, ടി വി കുഞ്ഞിക്കണ്ണൻ, കെ വി കുഞ്ഞിരാമൻ, ഒ വി നാരായണൻ, കെ വി അമ്പാടി, ടി ശശിധരൻ, എം പവിത്രൻ, വി കുഞ്ഞിരാമൻ, രാമചന്ദ്രൻ തുരുത്തി, കെ കെ വിജയൻ ടി വി സജീവൻ, കെ വി നാരായണൻ, ഉദയൻ കുണ്ടംകുഴി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
 
 
പ്രധാന വാർത്തകൾ
Top