13 December Thursday

സ്റ്റേഷൻ റെയിൽവേ ഉപേക്ഷിക്കുന്നു തൊക്കോട്ട് നോ സ്റ്റോപ്പ്

സ്വന്തം ലേഖകൻUpdated: Thursday May 17, 2018
കാസർകോട്
കണ്ണൂർ ഭാഗത്തുനിന്ന് മംഗളൂരുവിനടുത്ത് തൊക്കേട്ടേക്ക് പാസഞ്ചർ ട്രെയിനുകളിൽ കയറുന്നവരുടെ ശ്രദ്ധയ്ക്ക്. ട്രെയിനുകൾ ഇനി തൊക്കോട്ട് നിർത്തില്ല. ബുധനാഴ്ച മുതൽ ഇവിടുത്തെ സ്റ്റോപ്പ് റെയിൽവേ ഒഴിവാക്കി. 
കണ്ണൂർ ഭാഗത്തുനിന്ന് ഉള്ളാൾ ഭാഗത്തെ ആശുപത്രികളിലേക്ക് പോകാൻ ആളുകൾ ട്രെയിൻ ടിക്കറ്റെടുക്കുന്നത് തൊക്കോട്ട് സ്റ്റേഷനിലേക്കാണ്. സ്റ്റേഷൻ നിർത്തുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച മുതൽ രണ്ട് പാസഞ്ചർ ട്രെയിനുകളുടെ തൊക്കോട്ടെ സ്റ്റോപ്പ്് ഒഴിവാക്കി. 
ചൊവ്വാഴ്ച വൈകിട്ടാണ് റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ പത്രക്കുറിപ്പിലൂടെ തൊക്കോട്ട് റെയിൽവേ ഹാൾട്ട് സ്റ്റേഷനിലെ രണ്ട് പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് ഒഴിവാക്കിയതായി അറിയിച്ചത്. രാവിലെ 6.20ന് പുറപ്പെട്ട് 8.30ന് മംഗളൂരുവിൽ എത്തുന്ന 56661 നമ്പർ ചെറുവത്തൂർ‐ മംഗളൂരു സെൻട്രൽ പാസഞ്ചർ, വൈകിട്ട് 4.30ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട്, രാത്രി 7.55 ന് കണ്ണൂരിൽ എത്തുന്ന 56656 നമ്പർ മംഗളൂരു സെൻട്രൽ‐ കണ്ണൂർ പാസഞ്ചർ എന്നിവയുടെ സ്റ്റോപ്പാണ് നിർത്തിയത്. രാവിലെ ചെറുവത്തൂരിൽനിന്നുള്ള ട്രെയിൻ നിരവധി വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമായിരുന്നു.  
വരുമാനമില്ലെന്നാണ് കാരണമായി റെയിൽവേ പറയുന്നത്. നിലവിൽ രണ്ടു വണ്ടികൾക്കാണ് ഹാൾട്ട് സ്റ്റേഷനായ തൊക്കോട്ട് സ്റ്റോപ്പുണ്ടായിരുന്നത്. വരുമാനം കുറഞ്ഞതിനാൽ ഹാൾട്ട് ഏജന്റാകാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് റെയിൽവേ നൽകുന്ന വിശദീകരണം. മംഗളൂരു സെൻട്രൽ, ജങ്ഷൻ സ്റ്റേഷന്റെ തൊട്ടടുത്തുള്ള സ്റ്റോപ്പാണ് തെക്കോട്ടേത്. പ്രധാന ടൗണായി മാറിക്കൊണ്ടിരിക്കുന്ന തൊക്കോട് നിരവധി യാത്രക്കാർ എത്തുന്നു. ആശുപത്രികളും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ദെർലക്കട്ടെ, ഉള്ളാൾ, തൊക്കോട് മേഖലയിൽ ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്നു. എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയരുമ്പോളാണ് പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പും ഒഴിവാക്കിയത്. ഇതോടെ തൊക്കോട് സ്റ്റേഷന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top