18 September Tuesday
വില്ലുവണ്ടിയാത്ര വാർഷികാഘോഷം

സമാപനം അവിസ്മരണീയമാക്കാൻ ഒരുങ്ങി വെങ്ങാനൂർ

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

വെങ്ങാനൂരിൽ തയ്യാറാക്കിയ വില്ലുവണ്ടി ശിൽപ്പം

കോവളം 
നവോത്ഥാനനായകൻ മഹാത്മാ അയ്യൻ‌കാളിയുടെ വില്ലുവണ്ടിയാത്ര സമരത്തിന്റെ 125‐ാം വാർഷികാഘോഷങ്ങളുടെ സമാപനം അവിസ്മരണീയമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വെങ്ങാനൂർ പ്രദേശം ബുധനാഴ്ച അക്ഷരാർഥത്തിൽ സാംസ്കാരികനഗരമായി മാറും. വെങ്ങാനൂരിലെ നവോത്ഥാന ബഹുജനസംഗമത്തിനുമുന്നോടിയായി ബുധനാഴ്ച പകൽ രണ്ടരയോടെ മഹാത്മാ അയ്യൻകാളിയുടെ ജന്മനാടായ പെരുങ്കാറ്റുവിളയിൽനിന്ന‌് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ചരിത്രസംഭവമാകും.തമിഴ്നാട്ടിലെ പൊള്ളാച്ചി, വള്ളിയൂർ പ്രദേശങ്ങളിൽനിന്ന‌് സംഘടിപ്പിച്ചിട്ടുള്ള വില്ലുവണ്ടികളും യൂണിഫോം ധരിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ നയിക്കുന്ന ഇരുചക്രവാഹനങ്ങളും ബാലസംഘം കൂട്ടുകാർ ഒരുക്കുന്ന ഫ്ലോട്ടുകളും, ബാൻഡ‌് ട്രൂപ്പുകളും ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, ദഫ്മുട്ട്, സഞ്ചരിക്കുന്ന കർഷകഗാനമേള തുടങ്ങിയവ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്ര വിസ്മയക്കാഴ്ചയാകും.
 
ഇതിനകം സംഘടിപ്പിച്ച വീട്ടുമുറ്റ കൂട്ടായ്മകളും കാൽനട പ്രചാരണജാഥകളും  ചിത്രരചനാക്യാമ്പ‌്, ചരിത്ര ചിത്രപ്രദർശനം, പെരുങ്കാറ്റുവിളയിൽ മഹാത്മാ അയ്യൻകാളിയുടെ പ്രതിമയുടെ ശിലാസ്ഥാപനവും നാടിനെയാകെ ആവേശത്തിലാക്കിയിട്ടുണ്ട‌്. ബുധനാഴ്ച വെങ്ങാനൂരിൽ നടക്കുന്ന നവോത്ഥാന ബഹുജനസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർടി ജില്ലാ സെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ ആനാവൂർ നാഗപ്പൻ അധ്യക്ഷനാകും. കാഞ്ച ഐലയ്യ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, പാർടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കോലിയക്കോട് കൃഷ്ണൻനായർ, വി ശിവൻകുട്ടി, ഡോ. ടി എൻ സീമ തുടങ്ങിയവർ സംസാരിക്കും. നവോത്ഥാനസംഗമം ജനമുന്നേറ്റമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ പി എസ് ഹരികുമാർ അറിയിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
Top