19 October Friday

കരുത്തറിയിച്ച് എസ്എഫ്ഐ റാലി

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബത്തേരിയിൽ നടന്ന വിദ്യാർഥി റാലി

ബത്തേരി
ജില്ലയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതിയ പടുകൂറ്റൻ പ്രകടനത്തോടെയും റാലിയോടെയും എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ബത്തേരിയിൽ ആവേശോജ്വലമായ തുടക്കം. രാജ്യത്തെ ഏറ്റവും സംഘടിതമായ പൊരുതുന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ മൂന്ന് ദിവസത്തെ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച വൈകീട്ട് നഗരത്തിൽ നടന്ന റാലി സമീപകാലത്ത് ജില്ലയിൽ കടുത്ത എതിർപ്പുകളെ അതിജീവിച്ച് എസ്എഫ്ഐ കൈവരിച്ച സംഘടനാ ശേഷിയും വിദ്യാർഥി സമൂഹത്തിൽ നിന്നും നേടിയെടുത്ത വർധിച്ച പിന്തുണയും വിളിച്ചോതുന്ന വിധത്തിലായിരുന്നു. 
സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്ന  മധ്യവേനൽ അവധിക്കാലത്ത് നടന്ന പ്രകടനത്തിലും റാലിയിലും പങ്കെടുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഉച്ച മുതൽ വിദ്യാർഥികൾ ബത്തേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. നാല് മണിയോടെ കോട്ടക്കുന്ന് കെഎസ്ആർടിസി ഗ്യരേജ് പരിസരത്ത് നിന്നാണ് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനം ആരംഭിച്ചത്. 
ഏറ്റവും മുന്നിലായി എസ്എഫ്ഐയുടെ ശുഭ്രപതാക കൈകളിലേന്തിയ കൊച്ചുവിദ്യാർഥിനി റോളർ സ്കേറ്റിങ് പ്രകടനവുമായി സഞ്ചരിച്ചു. തൊട്ടു പിന്നാലെ സമ്മേളന ബാനറിന് പിറകിലായി സംസ്ഥാന‐ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കളും തുടർന്ന് വിവിധ ഏരിയാ കമ്മിറ്റികളുടെയും ലോക്കൽ കമ്മിറ്റികളുടെയും കോളേജ് യൂണിറ്റുകളുടെയും ബാനറുകൾക്ക് പിന്നാലെ വിദ്യാർഥികൾ ഉശിരൻ മുദ്രാവാക്യങ്ങളുമായി വിവിധങ്ങളായ വാദ്യമേളങ്ങളുടെ അകമ്പടിയിൽ  അണിനിരന്ന് നഗരംചുറ്റിയതോടെ  ജില്ല കണ്ട ഏറ്റവും വലിയ വിദ്യാർഥി പ്രകടനത്തിനാണ് ബത്തേരി സാക്ഷ്യം വഹിച്ചത്. 
ശുഭ്രപതാകകൾ കൈകളിലേന്തിയ നൂറ്കണക്കിന് വിദ്യാർഥിനികളുടെ പ്രകടനത്തിലെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം എം എസ് ഫെബിൻ, ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, സെക്രട്ടറി ജോബിൻസൺ ജെയിംസ്, കെ ജെ ഹരികൃഷ്ണൻ, ടി പി ഋതുശോഭ്, കെ വിഷ്ണു എന്നിവർ നേതൃത്വം നൽകി.
 പ്രകടനം കടന്നുപോയ വഴികളിൽ ഉടനീളം വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെയും സർവീസ് സംഘടനകളുടെയും ബാനറുകളുമായി അണിനിരന്ന പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചു.
 ഗാന്ധി ജങ്ഷനിലെ സ. സെയ്താലി നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ്  ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് ഷാഫി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ സംസാരിച്ചു.
 ജോബിൻസൺ ജെയിംസ് സ്വാഗതം പറഞ്ഞു. ബുധനാഴ്ച രാവിലെ സെന്റ്മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ. കൊച്ചനിയൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം  സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ പ്രദിൻ സാജ് കൃഷ്ണ, ഖദീജത്ത് സുഹൈല എന്നിവർ സംസാരിക്കും. 
പ്രധാന വാർത്തകൾ
Top