22 September Saturday
അക്ഷരശ്രീ

അറിവിന്റെ ലോകത്തേക്ക‌് കൈപിടിക്കാൻ അവരെത്തി

സ്വന്തം ലേഖകൻUpdated: Sunday Jul 15, 2018

സാക്ഷരതാമിഷന്റെ ‘അക്ഷരശ്രീ’ സർവേ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം 
അറിവിന്റെ ലോകത്തിലേക്ക‌് കൈപിടിക്കാൻ അവർ വീടുകളിലെത്തി. സാക്ഷരതാമിഷന്റെ ‘അക്ഷരശ്രീ’ പദ്ധതിക്കായി നഗരത്തിൽ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുള്ള സർവേക്കായി രംഗത്തിറങ്ങിയത‌് 14,318 പേർ. നഗരത്തിലെ 2,23,815 വീടുകളിലാണ‌് ഒറ്റദിവസം സർവേ നടത്തിയത‌്. തൈക്കാട് പൗണ്ട് കോളനിയിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർവേ ഉദ്ഘാടനംചെയ്തു. കോളനിയിലെ രമണിയുടെ വീട്ടിൽനിന്ന‌്  വിവരങ്ങൾ രേഖപ്പെടുത്തിയായിരുന്നു സർവേയുടെ തുടക്കം. നഗരപരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, സാക്ഷരതാ മിഷന്റെ തുല്യതാ പഠിതാക്കൾ, ട്രാൻസ്ജെൻഡേഴ്സ്, തുടർവിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ സർവേയിൽ പങ്കാളികളായി. 
 
പൂട്ടിക്കിടന്ന ചെറിയൊരു ഭാഗം വീടുകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളുമൊഴികെ 100 വാർഡുകളിലെ ബഹുഭൂരിപക്ഷം വീടുകളിലും സർവേ നടന്നു. ബാക്കിയുള്ള വീടുകളിൽ സർവേ  രണ്ട് ദിവസത്തിനുള്ളിൽ  പൂർത്തിയാക്കും.  അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ‌്  സാക്ഷരതാ മിഷനും നഗരസഭയും ചേർന്ന് അക്ഷരശ്രീ നടപ്പാക്കുന്നത‌്. 
സർവേ വളന്റിയർമാരെ സഹായിക്കാൻ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, വായനശാലാ പ്രവർത്തകർ, റസിഡന്റ‌്സ‌് അസോസിയേഷൻ ഭാരവാഹികളുമുണ്ടായി. ശേഖരിച്ച വിവരങ്ങൾ വാർഡുകളിൽ ക്രോഡീകരിച്ചു. വാർഡ്തല വിവര ക്രോഡീകരണം 100 പ്രേരക്മാരുടെ നേതൃത്വത്തിൽ  നടക്കും. കോർപറേഷൻ തല വിവര ക്രോഡീകരണവും നടത്തി റിപ്പോർട്ട്  പ്രകാശനം ചെയ്യും. 
 
നഗരത്തിലെ വീടുകളെ  50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു സർവേ. നിരക്ഷരരുള്ള  വാർഡുകളിൽ ആഗസ‌്ത‌് 15ന് സാക്ഷരതാ ക്ലാസ‌് ആരംഭിക്കും.  മൂന്നു മാസത്തെ സാക്ഷരതാ ക്ലാസിനു ശേഷം പരീക്ഷയിൽ വിജയിക്കുന്നവർക്ക് നാലാംതരം തുല്യതാ കോഴ്സിൽ ചേരാം. തുടർന്ന് ഹയർ സെക്കൻഡറി തുല്യതവരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളുടെ അടുത്ത ബാച്ചിൽ “അക്ഷരശ്രീ’ പദ്ധതി പ്രകാരം 1500 പേർക്ക് പത്താംതരം തുല്യതാ കോഴ്സും 1000 പേർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സും ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം നഗരസഭയിൽ അക്ഷരശ്രീ നടപ്പാക്കുന്നത‌്.
 
 
 
 
 
പ്രധാന വാർത്തകൾ
Top