18 August Saturday

മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് പോവുകയേ ഈ അമ്മയ്ക്ക് വഴിയുള്ളൂ

പി വിജിൻദാസ്Updated: Sunday Apr 15, 2018
ചെറുവത്തൂർ  >  വിഷുദിനത്തിന്റെ ആഹ്ലാദത്തിനിടെ ഒട്ടും സന്തോഷം തരുന്ന വാർത്തയല്ലിത്. മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ആധിയോടെ പുറത്തിറങ്ങേണ്ടിവരുന്ന ഈ അമ്മയെ പരിചയപ്പെടാം. വീട് പൂട്ടി താക്കോൽ ജനലഴികൾക്കിടയിലൂടെ മകളുടെ കൈകളിൽ നൽകി ഈ അമ്മ പോകുന്നത് ജീവിത പ്രാരബ്ധങ്ങളെ നേരിടാൻ തന്റെ പെട്ടിക്കടയിലേക്കാണ്. മകളാകട്ടെ, കട്ടിലിൽ അനങ്ങാൻപോലുമാകാതെ കിടപ്പു തുടങ്ങിയിട്ട് രണ്ടുവർഷമായി. രണ്ട് ജീവിതം പുലരണമെങ്കിൽ ഈ അമ്മ പോയേ പറ്റൂ. പിന്നെന്തുചെയ്യും. 
മകളെ തനിച്ചാക്കി നെഞ്ച് വിങ്ങുന്ന ആധിയുമായി ജീവിത വഴി തേടി പാതയോരത്ത് ചായക്കച്ചവടം നടത്തുന്ന അമ്മയുടെ പേര് നിർമലയെന്നാണ്. മകളുടെ പേര് പ്രസീതയെന്നും. ഒരു വിഷു ദിനം കൂടി എത്തിയപ്പോൾ വെടിപ്പടക്കങ്ങളുടെ ആരവങ്ങളേക്കാൾ മുകളിലാണ് ഈ അമ്മയുടെ നെഞ്ചിടിപ്പ്. ചെറുവത്തൂർ കാരക്കൊടി സ്വദേശിനി നിർമലയുടെ ജീവിതത്തിന് കരിനിഴ ൽ വീഴുന്നത് രണ്ട് വർഷം മുമ്പ് ഒരു വിഷുത്തലേന്നാണ്. ചെറുവത്തൂരിലുണ്ടായ അപകടത്തിൽ മകൾ പ്രസീതക്ക് പരിക്കുപറ്റി. വി വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ പ്രസീതയെ ഓട്ടോ ഇടിക്കുകയായിരുന്നു. ചെറുവത്തൂരിലും തുടർന്ന് മംഗളൂരുവിലും ചികിത്സ നടത്തി. നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റിരുന്നു. ചികിത്സകളൊന്നും ഫലം കണ്ടില്ല. പ്രസീത ഒരുകാൽ തളർന്ന് കട്ടിലിൽതന്നെയായി. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കണമെങ്കിൽപോലും ഒരാളുടെ സഹായം വേണം. മകളുടെ നിഴലായി കൂടെനിന്ന അമ്മക്ക് ഇടക്കാലത്ത് തന്റെ പെട്ടിക്കടയിലേക്ക് പോകാനേ കഴിഞ്ഞില്ല. സുമനസ്സുകളുടെ സഹായങ്ങൾ ചെറിയ തോതിൽ ചികിത്സക്ക് സഹായകമായി. 
ജീവിതവും മകളുടെ ചികിത്സയും പ്രതിസന്ധിയായപ്പോൾ ചെറുവത്തൂർ യൂണിറ്റി ആശുപത്രിക്ക് സമീപമുള്ള പെട്ടിക്കട നിർമലക്ക് വീണ്ടും തുറക്കേണ്ടിവന്നു. പരസഹായമില്ലാതെ അനങ്ങാ പോലും സാധിക്കാത്ത മകളെ തനിച്ചാക്കി എങ്ങനെ പോകും. അതിനായി മകൾതന്നെയാണ് ഈ വഴി പറഞ്ഞുകൊടുത്തത്. കടയിലേക്ക് പോകുമ്പോൾ കൊച്ചു കൂരയുടെ വാതിൽ പുറത്തുനിന്ന് പൂട്ടും. ജനൽ വഴി മകളുടെ കൈകളിലേക്ക് താക്കോൽ നൽകും. കടയിലെത്തിയാലും മകളെ ഓർത്തുള്ള ആധിയിലാകും നിർമല. വിവരങ്ങളറിയാൻ രണ്ടുപേർക്കും ഓരോ മൊബൈൽ ഫോണുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ മകൾ അമ്മയെ ഫോണിൽ വിളിക്കും. പെട്ടിക്കട ആരെയെങ്കിലും നോക്കാൻ ഏൽപിച്ച് ഉടൻ വീട്ടിലേക്ക് എത്തും. ഒരാഴ്ചയായി കടുത്ത ശ്വാസം മുട്ടലിലാണ് പ്രസീത. ഇടക്ക് ന്യുമോണിയയും പിടികൂടി.  
ചികിത്സിക്കാൻ ഈ അമ്മയുടെ കൈയിൽ ഇനി ഒന്നുമില്ല. വിദഗ്ധ ചികിത്സ നൽകിയാൽ മകളെ എഴുന്നേൽപ്പിച്ച് നടത്താൻ കഴിമോ എന്ന പ്രതീക്ഷ ഇവർക്കുണ്ട്. ചീമേനിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സ നടത്തിയപ്പോൾ ചെറിയ മാറ്റമുണ്ടായതായി പ്രസീതയും നിർമലയും പറയുന്നു. 2016 ഏപ്രിൽ 12നാണ് പ്രസീതക്ക് അപകടം സംഭവിക്കുന്നത്. അന്നുമുതൽ ഈ വീട്ടിൽ ആഘോഷങ്ങളില്ല. അമ്മയുടെയും മകളുടെയും കണ്ണീർമാത്രം. കാരുണ്യമതികളുടെ സഹായം ലഭിച്ചാൽ ഈ കുടുംബത്തിന് ആശ്വാസമാകും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top