16 August Thursday

ഇവിടെയുണ്ട് ദുരിതംമുറിച്ച വരികൾ; കണ്ണീർ ശിൽപ്പങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

ഗദ്ദികമേളയിൽ പ്രദീപ്

 

പൊന്നാനി > ശിൽപ്പങ്ങൾ ഏറെ നിർമിച്ചിട്ടുണ്ട് പ്രദീപ്, കവിതപൊഴിയുന്ന ശിൽപ്പങ്ങൾക്ക് ഇന്നും ആവശ്യക്കാരുമേറെ. ആസ്വാദക ശ്രദ്ധനേടിയ കവിതകളും രചിച്ചു. 
എന്നാൽ ഇന്നീ മനസ്സിൽ കവിതയില്ല, ശിൽപ്പങ്ങൾ തീർക്കാനുള്ള മനസ്സുമില്ല. ഭാര്യയുടെ ചികിത്സാചെലവ്, കടക്കെണിയിലായ വീട്, എൻജിനിയറിങ് വിദ്യാർഥിയായ മകന്റെ പഠനം...കലയും കവിതയും പോയിട്ട് മൂളിപ്പാട്ടുപോലും മനസ്സിലുണരാത്ത പ്രതിസന്ധികളിലാണിന്ന് പ്രദീപ്. സങ്കടജീവിതത്തിനിടെ നിർമിച്ചുപോയ ശിൽപ്പങ്ങൾ എങ്ങനെയെങ്കിലും വിറ്റഴിക്കണം. പൊന്നാനി എവി സ്കൂളിലെ ഗദ്ദിക മേളയിലെത്തിയ പ്രദീപിനിതേ മോഹമുള്ളു.  ലാഭംവേണ്ട, മോഹവിലയും, ജീവിതത്തിൽ പിടിച്ചുനിൽക്കാനൊരു താങ്ങുമാത്രം.
മാനന്തവാടി ഒണ്ടയങ്ങാടി താഴെവീട്ടിൽ ബി പ്രദീപിന്റെ കലാജീവിതത്തിന് മൂന്നുപതിറ്റാണ്ടിലേറെ നീണ്ട  ചരിത്രമുണ്ട്. കാപ്പിത്തടിയിലും മരങ്ങളിലുമായി ഈ യുവ കലാകാരൻ  തീർത്ത ശിൽപ്പങ്ങൾ മേളകളിലും പ്രദർശനങ്ങളിലുമായി സർഗശ്രദ്ധ പിടിച്ചുപറ്റുകയുമുണ്ടായി. 
വീടിനോട് ചേർന്ന ചെറിയ കടയിൽ ജീവിതസ്വപ്നങ്ങൾ നിർമിച്ച യുവശിൽപ്പിയുടെ ജീവിതം അടിപതറിയിരിക്കയാണിപ്പോൾ. ഭാര്യ ഷീബറാണിക്ക് വന്ന രോഗമാണ് ആദ്യം വില്ലനായത്. രണ്ടുവൃക്കകളും തകരാറിലായ ഷീബക്ക് ആഴ്ചയിൽ രണ്ടുതവണ ഡയാലിസ് ചെയ്യണം. മരുന്നിനും മറ്റുമായി ചെലവുവേറെയും.  കുടുംബത്തിന്റെ ദുരിതാവസ്ഥയിൽ പ്ലസ്ടു പാസായ മകൻ പ്രഷീബ് പഠനംനിർത്തി അച്ഛനൊപ്പം ചേർന്നു. 
ബിരുദത്തിന് പഠിക്കയാണ് മകൾ ശിൽപ. ഇളയമകൻ അർജുൻ വയനാട് എൻജിനിയറിങ് കോളേജിൽ  വിദ്യാർഥി. ഇതിനിടെയാണ് ബാങ്കിൽനിന്നുള്ള ജപ്തിനോട്ടീസ്. വീടുപണിയാനെടുത്ത വായ്പക്കായി സിൻഡിക്കറ്റ് ബാങ്കിൽനിന്നും നോട്ടീസും കിട്ടിയതോടെ ജീവിതം ഉത്തരമില്ലാത്ത ചോദ്യമായി. എൻജിനിയറിങ് വിദ്യാർഥിയായ മകൻ അർജുന്റെ പഠനമെങ്കിലും മുടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ. 
ശിൽപ്പങ്ങൾക്കൊപ്പം നിരവധി  ഗ്രാമീണഗാനങ്ങളും കവിതകളും നാടകങ്ങളും പ്രദീപ് രചിച്ചിട്ടുണ്ട്. ചിത്രരചനയിലും മിടുക്കൻ. ജിഎസ്ടി വന്നതോടെ കൂടിയ നികുതിനിരക്ക്, കാപ്പിത്തടി കിട്ടാനില്ലാത്തത് ഇങ്ങനെ ആദിവാസി‐പിന്നോക്ക കലാകാരന്മാരെ വലയ്ക്കുന്ന മറ്റ് പ്രശ്നങ്ങളൊന്നും പ്രദീപ് പറയുന്നില്ല. കാരണം അതിലുമേറെ വലിയ പ്രയാസങ്ങളുടെ നടുവിലാണിയാൾ.
പ്രധാന വാർത്തകൾ
Top