Top
23
Thursday, November 2017
About UsE-Paper

അന്വേഷക സംഘം വേഷംമാറി ബല്‍ഗാമിലെത്തി; ഉത്സവത്തില്‍ പങ്കാളികളായി

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
ജില്ലാ പൊലീസ് മേധാവി കെ ജി സൈമണും പ്രത്യേക അന്വേഷക സംഘവും വാര്‍ത്താസമ്മേളനത്തില്‍
കാസര്‍കോട് > തുമ്പില്ലാതിരുന്ന അജ്ഞാതനായ ഒരാളുടെ കൊലപാതകമാണ് പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനിടയില്‍ വെളിയായത്. കര്‍ണാടക ബാഗല്‍കോട്ടെയിലെ വൈരപ്പയുടെ മകന്‍ രംഗപ്പ ഗാജിയുടെ മൃതദേഹം ചെര്‍ക്കള വി കെ പാറയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കണ്ടെത്തിയത് കൊലനടന്ന് രണ്ടുദിവസം കഴിഞ്ഞാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിന് ആദ്യം മനസിലായില്ല. വിശദമായ മൃതദേഹ പരിശോധനയില്‍ പോക്കറ്റില്‍നിന്നും നഗരസഭയുടെ പാന്‍ടെക് സുരക്ഷാ പ്രോജക്ടിന്റെ കാര്‍ഡ് കണ്ടെത്തി. 
ഇതില്‍നിന്നാണ് മരിച്ചത് രംഗപ്പയാണെന്ന് മനസിലായത്. ചെര്‍ക്കളയിലും സമീപസ്ഥലങ്ങളിലും പണിയെടുത്തിരുന്ന മദ്യപാന സ്വഭാവമുള്ളയാളാണ് രംഗപ്പ. പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ വാരിയെല്ലില്‍ ഏഴ് പൊട്ടുള്ളതായി കണ്ടെത്തി. കുത്തിയാലോ ഇടിച്ചാലോ മാത്രമുണ്ടാകുന്ന പരിക്കാണെന്നും കണ്ടെത്തി. ഇയാള്‍ക്കൊപ്പം മദ്യപിച്ചിരുന്ന സംഘത്തില്‍പെട്ടവരെ നിരീക്ഷിച്ചാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. ഇരുന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികളെ സംഭവത്തില്‍ ചോദ്യം ചെയ്തു. സിസിടിവി, മൊബൈല്‍ ഫോണ്‍ രേഖകളും വ്യാപകമായി പരിശോധിച്ചു. സംഭവശേഷം സ്ഥലംവിട്ട തിരുവനന്തപുരം സ്വദേശിയെ പിടികൂടിയെങ്കിലും അയാള്‍ക്ക്, ചെര്‍ക്കള ഭാഗത്ത് മദ്യം വിറ്റ ബന്ധമേയുള്ളൂവെന്ന് മനസിലായി. ചെര്‍ക്കളയില്‍നിന്നും മംഗളൂരുവിലേക്ക് ജോലിക്ക് പോയ അക്കണ്ടപ്പ, കേസിന്റെ കാര്യമെന്തായി എന്നന്വേഷിച്ച് വന്നതായി മൊഴി ലഭിച്ചതാണ് വഴിത്തിരിവായത്. കൊലപാതകശേഷം വിട്ടള ചെര്‍ക്കളയില്‍തന്നെ ജോലിയെടുക്കുകയായിരുന്നു. രംഗപ്പയുടെ മൃതദേഹം കാണുന്നതിന് മൂന്നുദിവസം മുമ്പ് ബല്‍ഗാം സ്വദേശികളുമായി മദ്യപാനവുമായി ബന്ധപ്പെട്ട് അടിപിടിയുണ്ടായതായും പൊലീസിന് മനസിലായി. ബല്‍ഗാമിലേക്ക് തിരിച്ച അന്വേഷക സംഘം അവിടെനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സുരേബാന്‍ ഗ്രാമത്തിലേക്ക് വേഷം മാറിയെത്തി. റോഡ് നന്നാക്കാനെത്തിയ കേന്ദ്രസംഘം എന്നപേരിലാണ് സംഘം സുരേബാനിലെത്തിയത്. അവിടുത്തെ ഉത്സവത്തിലും സംഘം പങ്കെടുത്തു. തുടര്‍ന്ന് പ്രതികളായ അക്കണ്ടപ്പ, സഹോദരന്‍ വിട്ടള എന്നിവരുടെ വീട് ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി.