21 September Friday
മാവേലിക്കര താലൂക്ക് സഹ. ബാങ്ക്

44.37 കോടിയുടെ ക്രമക്കേടെന്ന‌് റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

  

 
മാവേലിക്കര 
പതിറ്റാണ്ടുകളോളം കോൺഗ്രസ് ഭരണസമിതികൾ തുടർച്ചയായി ഭരിച്ച മാവേലിക്കര താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖയിൽ 44.37 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കൺകറന്റ് ഓഡിറ്റ‌് റിപ്പോർട്ട‌്. ഏഴുദിവസത്തിനുള്ളിൽ  റിപ്പോർട്ട‌് ഓഡിറ്റ് ജോയിന്റ് ഡയറക്ടർക്ക് കൈമാറും. ബാങ്കിന്റെ കൺകറന്റ് ഓഡിറ്ററായ മേരിക്കുഞ്ഞ് വർഗീസ് തയ്യാറാക്കുന്ന റിപ്പോർട്ട് പ്രകാരം സ്ഥിരനിക്ഷേപ വായ‌്പയിൽ 13.14 കോടിയുടെ ക്രമക്കേട് നടന്നിട്ടുള്ളതായി പ്രതികൾക്കയച്ച നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2016‐17 വർഷത്തെ ഓഡിറ്റിന്റെ ഭാഗമായി കണക്കു പരിശോധിച്ചതിലും ലഭിച്ച പരാതികളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിലും ബാങ്കിന്റെ തഴക്കര ശാഖയിൽ 44.37 കോടിയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 
ഒബി വായ‌്പയിൽ 4.53 കോടി, എസ്എച്ച്ജി വായ‌്പയിൽ 0.99 ലക്ഷം, സ്വർണപണയ വായ‌്പയിൽ 8.17 കോടി, ക്യുമുലേറ്റീവ് നിക്ഷേപവായ‌്പയിൽ 2.25 കോടി, എംഡിഎസിൽ 9.46 കോടി, എംഡിഎസ് അഡ്വാൻസിൽ 1.96 കോടി, എംഡിഎസ് പ്രൈസ് തുകയെക്കാൾ കൂടുതൽ നൽകിയ പ്രൈസ് തുക ഇനത്തിൽ 1,40,000 രൂപ, യഥാർഥ ചിറ്റാളൻമാർ അറിയാതെ അപഹരിക്കപ്പെട്ട എംഡിഎസ് പ്രൈസ് തുക 1,70,000 രൂപ, എസ്ബി അക്കൗണ്ടിലെ 21 ലക്ഷം, സ്ഥിരനിക്ഷേപം വരവുവെയ‌്ക്കാതിരുന്നത് 16 ലക്ഷം എന്നിങ്ങനെയും ക്രമക്കേട് നടത്തിയതായി നോട്ടീസിൽ സൂചിപ്പിക്കുന്നു.  ക്രമക്കേടിൽ ബാങ്കിന് നഷ്ടമായ തുക ഈടാക്കിയെടുക്കുന്നതിന് ഓഡിറ്റിൽ നിർദേശം നൽകാതിരിക്കുവാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം പണം ഈടാക്കിയെടുക്കാൻ ഓഡിറ്റിൽ നിർദ്ദേശം നൽകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഭരണസമിതിയംഗങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top