18 November Sunday

മഴയിൽ നഗരത്തിൽ തകർന്നത‌് 52 ക്യാമറ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
കോഴിക്കോട‌്  
നഗരത്തിൽ സിറ്റി പൊലീസ‌് സ്ഥാപിച്ച 52 നിരീക്ഷണ ക്യാമറകൾ കനത്ത മഴയിൽ തകരാറിലായി. ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവരെ  പിടികൂടാനും വാഹനങ്ങളുടെ മത്സര ഓട്ടം ഒഴിവാക്കാനും ജനങ്ങളുടെ സംരക്ഷണത്തിനുമായി  സ്ഥാപിച്ച ക്യാമറകളാണ‌് ഭൂരിഭാഗവും നിശ്ചലമായത‌്. 
നഗരത്തിൽ 76 ക്യാമറകളാണുള്ളത‌്.  മഴയിലും കാറ്റിലും  മരം വീണുമാണ‌് ഭൂരിഭാഗം നിരീക്ഷണ ക്യാമറകളും തകർന്നത‌്.  റോഡ‌് നവീകരണത്തെതുടർന്ന‌് അഴിച്ചുമാറ്റിയതും ഉണ്ട‌്. ക്യാമറയുടെ കേബിളുകൾക്കാണ‌് കൂടുതൽ കേടുപാടുകൾ. ക്യാമറകൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന‌് കൺട്രോൾ റൂം അസിസ‌്റ്റന്റ‌് കമീഷണർ ഷാജി വർഗീസ‌് പറഞ്ഞു. ക്യാമറ സ്ഥാപിച്ച കെൽട്രോണിന്റെ കരാർ കാലാവധി കഴിഞ്ഞതിനാൽ സർക്കാരിലേക്ക‌് അപേക്ഷ നൽകിയിരിക്കുകയാണിപ്പോൾ.   
നഗരത്തിലെ എല്ലാ ക്യാമറകളും പ്രവർത്തിച്ചാൽ ദിനം പ്രതി 300നടുത്ത‌് കേസുകൾ രജിസ‌്റ്റർ ചെയ്യാറുണ്ട‌്. 
ട്രാഫിക‌് നിയമ ലംഘനം, ഹെൽമറ്റ‌് ഇല്ലാതെ യാത്രചെയ്യൽ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗം, വാഹനാപകടങ്ങൾ, വാഹന മോഷണം തുടങ്ങി നിരവധി കേസുകൾ ഇതിൽ ഉൾപ്പെടും. ക്യാമറകൾ സ്ഥാപിച്ചതിലൂടെ ഒരു പരിധിവരെ ട്രാഫിക‌് നിയമ ലംഘനങ്ങളും വാഹനങ്ങളുടെ മത്സര ഓട്ടങ്ങളും കുറഞ്ഞു.  കേസുകൾക്ക‌്  കൃത്യമായി പിഴ ഈടാക്കുന്നതും  നിയമ ലംഘനങ്ങൾ കുറയ‌്ക്കാനിടയാക്കി. 
അതേസമയം,  നഗരത്തിൽ 164 നിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട‌്. അതോടെ നഗരം മുഴുവനായും പൊലീസ‌് നിരീക്ഷണത്തിലാകും.  ഏതെല്ലാം ഇടങ്ങളിലാണ‌് ക്യാമറകൾ സ്ഥാപിക്കേണ്ടത‌് എന്നതിനുള്ള സർവേ പുരോഗമിക്കുകയാണ‌്. 
ഇത‌് പൂർത്തിയായാലുടൻ റിപ്പോർട്ട‌് സർക്കാരിലേക്ക‌് സമർപ്പിക്കും. കുന്നമംഗലം, എലത്തൂർ, രാമനാട്ടുകര വരെയാണ‌് സിറ്റി പൊലീസിന്റെ നിയന്ത്രണത്തിൽ വരുന്നത‌്. 
പ്രധാന വാർത്തകൾ
Top