Top
20
Wednesday, September 2017
About UsE-Paper

മാതൃകാ പെരുമാറ്റച്ചട്ടം ജില്ല മുഴുവന്‍ ബാധകം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 

 
 
മലപ്പുറം > വേങ്ങര നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ അമിത് മീണ അറിയിച്ചു. പെരുമാറ്റ ചട്ടം ജില്ല മുഴുവന്‍ ബാധകമായിരിക്കും.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിദ്വേഷങ്ങള്‍ക്കും വഴിവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. മറ്റ് രാഷ്ട്രീയ പാര്‍ടികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രം ഒതുക്കിനിര്‍ത്തേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത, സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിമര്‍ശിക്കാന്‍ പാടില്ല. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല.  
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. സമ്മതിദായകരെ ഭീഷണിപ്പെടുത്തുകയോ പാരിതോഷികങ്ങള്‍ നല്‍കി സ്വാധീനിക്കുകയോ ചെയ്യാന്‍ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ അനുവാദമില്ലാതെ പരസ്യമൊട്ടിക്കാനൊ കൊടിതോരണങ്ങള്‍ കെട്ടാനോ പാടില്ല. 
രാഷ്ട്രീയ പാര്‍ടി പ്രതിനിധി
യോഗം ഇന്ന് 
മലപ്പുറം > വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗം വ്യാഴാഴ്ച പകല്‍ 11ന്  കലക്ടറുടെ ചേംബറില്‍ ചേരും. പാര്‍ടികള്‍ ഓരോ പ്രതിനിധികളെ യോഗത്തില്‍ പങ്കെടുക്കുന്നതിന് നിയമിക്കണം. 
വീഡിയോഗ്രഫി: ക്വട്ടേഷന്‍ 
ക്ഷണിച്ചു
മലപ്പുറം > വേങ്ങര നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി രൂപീകരിക്കുന്ന വിവിധ സ്ക്വാഡുകളുടെയും വരണാധികാരി, ഉപവരണാധികാരിമാര്‍, ജനറല്‍ ഒബ്സര്‍വര്‍മാര്‍, എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ എന്നിവരുടെ കൂടെ തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശാനുസരണം വീഡിയോഗ്രഫി നടത്തുന്നതിന് പ്രതിദിനം ചുരുങ്ങിയത് 15 എണ്ണമോ അതില്‍ കൂടുതല്‍ യൂണിറ്റുകളോ അനുവദിക്കാന്‍ കഴിയുന്ന വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 15ന് പകല്‍ മൂന്നിനകം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കലക്ടറുടെ പേരില്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിക്കണം. 
യോഗങ്ങള്‍, ജാഥകള്‍
മുന്‍കൂട്ടി അറിയിക്കണം
മലപ്പുറം > ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങളൊരുക്കുന്നതിന് യോഗം നടത്തുന്ന സ്ഥലവും തീയതിയും സമയവും പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം. യോഗസ്ഥലത്ത് ബഹളമുണ്ടാക്കാനോ അലങ്കോലപ്പെടുത്താനോ പാടില്ല.  
പാര്‍ടിയോ സ്ഥാനാര്‍ഥിയോ ജാഥ നടത്തുന്നുണ്ടെങ്കില്‍ തീയതി, ജാഥ ആരംഭിക്കുന്ന സ്ഥലം, സമയം, കടന്നുപോകുന്ന സ്ഥലങ്ങള്‍, അവസാനിക്കുന്ന സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അധികാരികളെ അറിയിക്കണം. 
ഗതാഗത തടസ്സമുണ്ടാക്കുന്നതരത്തില്‍ ജാഥകള്‍ പാടില്ല. സംഘര്‍ഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ ജാഥകളും മറ്റ് പ്രചാരണ പരിപാടികളും സംഘടിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കേണ്ടതാണ്.