20 November Tuesday
കോൺഗ്രസ‌് ‐ബിജെപി സഖ്യം പാളി

മംഗലപുരം പഞ്ചായത്ത‌് പ്രസിഡന്റ‌് സ്ഥാനം എൽഡിഎഫ് നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
കഴക്കൂട്ടം
കോൺഗ്രസ‌്‐ ബിജെപി സഖ്യം കിണഞ്ഞു പരിശ്രമിച്ചെങ്കിലും മംഗലപുരം പഞ്ചായത്തിലെ  പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ  എൽഡിഎഫ് പ്രസിഡന്റ‌് സ്ഥാനം നിലനിർത്തി. പ്രസിഡന്റായി  സിപിഐ എമ്മിലെ വേങ്ങോട് മധു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ്  പ്രസിഡന്റ‌് സ്ഥാനാർഥിയായ മുണ്ടയ്ക്കൽ വാർഡംഗം എസ് ആർ കവിതയ്ക്ക് ബിജെപി അംഗത്തിന്റെ വോട്ട് ലഭിച്ചെങ്കിലും ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഒമ്പതിനെതിരെ പത്ത‌് വോട്ടിന‌് വേങ്ങോട് മധു പ്രസി‌ഡന്റായി.
 
ഇരുപത‌് അംഗങ്ങളുള്ള പഞ്ചായത്തിൽ ഒരു സ്വാതന്ത്ര ഉൾപ്പെടെ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒമ്പതും​ ബിജെപിക്ക് ഒന്നുമാണ് കക്ഷിനില. ബിജെപി പിന്തുണയോടെ തുല്യനിലയിലെത്തിയാൽ നറുക്കെടുപ്പിലൂടെ ഭാഗ്യപരീക്ഷണം നടത്താനായിരുന്നു യുഡിഎഫ്‐ ബിജെപി പദ്ധതി. എന്നാൽ, ബാലറ്റ് പേപ്പറിന്റെ പുറകിൽ പേരെഴുതാതെ ഒപ്പുമാത്രമിട്ട മുരുക്കുംപുഴ വാർഡിലെ കോൺഗ്രസംഗം ഷാനവാസിന്റെ വോട്ട് അസാധുവായതോടെയാണ് പദ്ധതി പാളിയത്.  ജനതാദളിലെ മംഗലപുരം ഷാഫി രാജിവച്ചതിനെത്തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പുന്നെക്കോണം വാർഡിൽനിന്നാണ് വേങ്ങോട‌് മധു തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം മംഗലപുരം ഏരിയ കമ്മിറ്റി അംഗമാണ്.
 
 
പ്രധാന വാർത്തകൾ
Top