18 August Saturday

വിവാ സോക്കർ

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018

ഉദിനൂർ സെൻട്രൽ യൂണിറ്റിയുടെ നേതൃത്വത്തിൽ ലോക കപ്പ്‌ ഫുട്‌ബോൾ വിളംബര ഘോഷയാത്ര

കാസർകോട്‌
ജീവിതം  കളിപ്പന്തിനൊപ്പം പായുന്ന മാസപ്പിറവിയുടെ വരവേൽപ്‌ നാടിന്‌ ഉത്സവമായി. പന്തുരുളുന്ന റഷ്യയെപോലും അതിശയിപ്പിക്കുന്ന ആഘോഷമാണ്‌  ജില്ലയിൽ. ഒരു തരം ഓണപ്പാച്ചിലാണ്‌ നാടാകെ. വൻകരകളും അതിരുകളും ഇവിടെ മായുന്നു. എല്ലാറ്റിനും മുകളിൽ പാറുന്നത്‌ സോക്കറിന്റെ കൊടി. വ്യാഴാഴ്‌ച രാത്രി 8.30ന്‌  മോസ്‌ക്കോയിലെ ലുഷ്‌കിനി സ്‌റ്റേഡിയത്തിൽ തട്ടുന്ന പന്തിലേക്കാണ്‌ കണ്ണുകളെല്ലാം. ഇനിയുള്ള  ഒരു മാസം കാൽപന്തിന്‌ നോമ്പുനോറ്റിരിക്കുന്ന രാപ്പകലുകൾ. ദിനചര്യകളും കളിക്കായി ചിട്ടപ്പെടുത്തുകയാണ്‌. മിനി സ്ക്രീനിൽ സിനിമകൾക്കും സീരിയലുകൾക്കും കോമഡികൾക്കും അവധി കൊടുക്കേണ്ടി വരും. ചാനലുകളിലെ അന്തി ചർച്ച കാണാനും  ആളെ കിട്ടില്ല.   സോക്കർ  ലഹരി സിരകളിൽ നുരയുകയാണ്‌. 
യുവതയുടെ  ആവേശത്തിനപ്പുറം ഇതിലൊന്നും കാര്യമില്ലെന്ന്‌ പറഞ്ഞവർ പോലും  കളിയിൽ  കാര്യമുണ്ടെന്ന്‌ തിരിച്ചറിയുന്നു. ഫുട്‌ബോളിന്റെ മാസ്‌മരികതയിൽ വർണവും ജാതിയും മതവുമെല്ലാം  അപ്രസക്തമാവുകയാണ്‌. അവിടെയാണ്‌ ഈ കളിയുടെ വിജയം. കാസർക്കോടൻ   കളിയിടവും ഗ്രാമങ്ങളും പട്ടണങ്ങളും വീടുകളുമെല്ലാം   സോക്കർ  വസന്തം കൊണ്ടാടുകയാണ്‌. കാൽപന്തിനായി മറ്റെല്ലാം മാറ്റിവെക്കുന്നു.
വിളംബര ജാഥയും ഘോയാത്രയും ഷൂട്ടൗട്ടുകളും സന്നാഹ മത്സരങ്ങളുമായാണ്‌ ലോകകപ്പിനെ  വരവേറ്റത്‌. മിക്കയിടയത്തും രാവേറും വരെ ആഘോഷം നീണ്ടു. പൂരക്കളിയുടെയും യക്ഷഗാനത്തിന്റെയും നാട്ടിൽ കായിക കലയുടെ പൂരമാണ്‌  ബുധനാഴ്‌ചത്തെ സായംസന്ധ്യയിൽ  അരങ്ങേറിയത്‌. ടീമുകൾക്കായി പരസ്‌പരം പോരടിക്കുന്നവർ  കളിയെ വരവേൽക്കാനുള്ള ആഘോഷങ്ങളിൽ അതിര്‌ കടന്നില്ല. സ്‌പോട്‌സമാൻ സ്‌പിരിറ്റിന്റെ വരമ്പിലൂടെ  സ്വന്തം ടീമിന്റെ ആവേശം  ആഹ്ലാദ പ്രകടനമാക്കി മാറ്റി. എന്നാൽ മത്സരം പ്രാഥമിക തലവും പ്രീക്വാർട്ടറും ക്വാർട്ടറും സെമിയും കടന്ന്‌ കലാശക്കളിയിലെത്തുമ്പോൾ ആവേശം എതിർ ടീമിന്റെ ആരാധകരിലേക്ക്‌ നീങ്ങും. ജയിക്കുന്നവരുടെ  ആഹ്ലാദ പ്രകടനവും തോറ്റ ടീമിന്റെ ശവമഞ്ചമേറ്റലും സംസ്‌കാരവുമെല്ലാം ഇതിനിടയിൽ നടക്കും. ഇതെല്ലാം ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവരുടെ ഉള്ളിൽ തട്ടിയുള്ള പ്രതികരണങ്ങളാണ്‌. അൽപായസുള്ള ഇത്തരം വികാര പ്രകടനങ്ങൾക്കപ്പുറമാണ്‌ സോക്കർ നൽകുന്ന സന്ദേശം. ലോകത്തെയും മനുഷ്യരെയും ഒന്നിപ്പിക്കുന്നതാണ്‌ സോക്കറിന്റെ സൗന്ദര്യം. അതിനാലാണ്‌ ആസ്വാദക ലക്ഷങ്ങൾ കണ്ണും മനസ്സും കൂർപ്പിച്ച്‌ കളി നുകരുന്നത്‌. 
 
 
പ്രധാന വാർത്തകൾ
Top