19 July Thursday

ലോക കേരളസഭയ്ക്ക് നിറപ്പകിട്ടേകി മള്‍ട്ടി മീഡിയ മെഗാഷോ

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

ലോക കേരളസഭ സമാപനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കലാപരിപാടിയില്‍നിന്ന്

തിരുവനന്തപുരം > ലോക കേരളസഭയുടെ സമാപന സമ്മേളനത്തിന് വര്‍ണപ്പകിട്ടേകി മള്‍ട്ടി മീഡിയ മെഗാ ഷോ. പ്രവാസി ജീവിതം പ്രമേയമാക്കിയ കലാപരിപാടികളാണ് മൊഗാഷോയില്‍ അവതരിപ്പിച്ചത്. 
 
സ്കിറ്റിനും നൃത്തരൂപങ്ങള്‍ക്കുമൊപ്പം വീഡിയോ ദൃശ്യങ്ങളും ചേര്‍ന്നതായിരുന്നു പരിപാടി. നൃത്തപരിപാടികള്‍ക്കായി ഗായകസംഘം തത്സമയം വേദിയില്‍ ഗാനങ്ങള്‍ ആലപിച്ചു. മഹാന്മാരുടെ പ്രവാസജീവിതത്തിലെ അടരുകള്‍ ചേര്‍ത്തുള്ള ദൃശ്യാവിഷ്കാരം,  ബെന്യാമിന്റെ നോവലായ ആടുജീവിതത്തിലെ വികാര തീവ്രമായ രംഗങ്ങള്‍, വിദേശത്ത് തൊഴിലെടുക്കുന്ന നേഴ്സുമാരുടെ ജീവിതം കോറിയിട്ട എസ് എല്‍  പുരത്തിന്റെ നാടകമായ കല്ലുകൊണ്ടൊരു പെണ്ണ്, പ്രവാസത്തിന്റെ വിരഹവും വേദനയും പങ്കുപറ്റിയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍, കത്ത് പാട്ടുകള്‍, കേരളത്തിനു പുറത്ത് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സായുധസേനകളിലും ജോലിചെയ്യുന്നവരുടെ ഇഷ്ട ഹിന്ദി, തമിഴ്, ബംഗാളി ഗാനങ്ങള്‍ എന്നിവയെല്ലാം അരങ്ങിലെത്തി. 
 
വിവിധ രാജ്യങ്ങളിലേക്ക് മലയാളികള്‍ ജോലി തേടിപ്പോയതിന്റെ ചരിത്രം, ഓരോ രാജ്യത്തെയും പ്രവാസികളുടെ ജീവിതം, നാട്ടിലെ പ്രവാസി കുടുംബങ്ങളുടെ ജീവിതം എന്നിങ്ങനെ  പ്രവാസിജീവിതത്തിന്റെ സര്‍വതലങ്ങളെയും പ്രതിപാദിക്കുന്നതായിരുന്നു കലാപരിപാടികള്‍. മഹാത്മാഗാന്ധിയുടെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതശില്‍പ്പവും വേദിയിലെത്തി. ആവിഷ്കാര മികവുകൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പരിപാടികള്‍ ശ്രദ്ധേയമായി. മുന്നൂറോളം കലാകാരന്മാര്‍ അണിനിരന്ന പരിപാടി സംവിധാനം ചെയ്തത് പ്രാമോദ് പയ്യന്നൂരാണ്. 
 
പ്രധാന വാർത്തകൾ
Top