22 October Monday

മലയോരത്തില്‍ ആഹ്ളാദം അലതല്ലി; പുതിയ ഇടയന് ഊഷ്മള വരവേല്‍പ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

ഇടുക്കി അരമനയിലെത്തിയ മന്ത്രി എം എം മണി നിയുക്ത മെത്രാന്‍ ജോണ്‍ നെല്ലിക്കുന്നേലിനെ അനുമോദിക്കുന്നു

 ചെറുതോണി > ഇടുക്കി രൂപതയുടെ പുതിയ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍. ജോണ്‍ നെല്ലിക്കുന്നേലിന് ഊഷ്മള വരവേല്‍പ്്. ശനിയാഴ്ച രാത്രി മന്ത്രി എം എം മണി, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ് എന്നിവര്‍ നിയുക്തമെത്രാനെ അരമനയില്‍ എത്തി അനുമോദിച്ചു. മന്ത്രി എല്ലാഭാവുകങ്ങളും നിയുക്തമെത്രാന് നേര്‍ന്നു.

 വെള്ളിയാഴ്ച വൈകിട്ട് 4.40 ന് എറണാകുളം കാക്കനാട് സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്തെ പ്രഖ്യാപനത്തിനുശേഷം രാത്രി 9.30 ഓടെയാണ് ഇടുക്കിയിലെത്തിയത്. ആദ്യമെത്തിയത് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയത്തില്‍. രാത്രി വൈകിയും ഇവിടെയത്തുമ്പോള്‍ നൂറുകണക്കിന് ഇടവക അംഗങ്ങള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കത്തീഡ്രല്‍ കവാടത്തില്‍ ഇടയനെ സ്വീകരിച്ച് സ്തോത്രഗീതം പാടി വരവേറ്റു. തുടര്‍ന്ന് അള്‍ത്താരയിലേക്ക് ആനയിച്ചു. 
  കത്തീഡ്രല്‍ വികാരി ജോസ് ചെമ്മരപ്പിള്ളിയുടെ നേതൃത്വത്തില്‍ ഹ്രസ്വമായ അനുമോദനയോഗവും ചേര്‍ന്നു. അച്ഛനോടൊപ്പം ഇടവക അംഗമായ അഡ്വ. ജോയ്സ് ജോര്‍ജ് എംപിയേയും വേദിയിലേക്ക് ക്ഷണിച്ചു. ഇടുക്കിക്കാരായ പിതാവിനും എംപിക്കും സമാനമായ രീതിയില്‍ അപ്രതീക്ഷിത നിയോഗമാണ് ഉണ്ടായിട്ടുള്ളതെന്ന് ഫാദര്‍. ജോസ് ചെമ്മരപ്പിള്ളില്‍ പറഞ്ഞു. നീതിയിലധിഷ്ടിതമായ സാമൂഹ്യമുന്നേറ്റത്തിനും ആത്മീയ വളര്‍ച്ചയ്ക്കും നേതൃത്വം നല്‍കാന്‍ നിയുക്ത മെത്രാന് കഴിയട്ടെയെന്ന് എംപി ആശംസിച്ചു. തുടര്‍ന്ന് രാത്രി പത്തോടെ ഇടുക്കി രൂപത കാര്യാലയത്തില്‍ എത്തി. വികാരി ജനറാള്‍ മോണ്‍.ജോസ് പ്ളാച്ചിക്കല്‍, മറ്റ് വൈദികശ്രേഷ്ഠരും കരിമ്പനിലെ വിശ്വാസ സമൂഹവും അരമനയിലേക്ക് സ്വീകരിച്ചു. അവിടെയും ചെറിയതോതില്‍ അനുമോദനയോഗം ചേര്‍ന്നു. തുടര്‍ന്ന് മരിയാപുരത്തെ കുടുംബവീട്ടിലെത്തി. അവിടെയും വന്‍ജനാവലി കാത്തുനില്‍പ്പുണ്ടായിരുന്നു. അമ്മയുടെ മുമ്പില്‍ കൂപ്പുകൈകളോടെ മുട്ടുകുത്തി. അമ്മ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
15 വര്‍ഷം മാത്രം പ്രായമായ ഇടുക്കി രൂപതയുടെ ആധ്യാത്മികവും ഭൌതികവുമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയെന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ ബിഷപ്പില്‍ വന്നുചേര്‍ന്നത്. ശനിയാഴ്ച പ്രഭാതത്തിലെ അരമനയിലെ ദിവ്യബലി അര്‍പ്പണത്തിന് ശേഷം മരിയാപുരം കുതിരക്കല്ലിലെ സഭാ അംഗത്തിന്റെ മരണവീട്ടിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രൂപതാ കാര്യാലയത്തില്‍ എത്തിയശേഷം എറണാകുളത്തേക്ക് തിരിച്ചു. സീറോ മലബാര്‍ സഭയ്ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി ലഭിച്ചതിന്റെ ജൂബിലി ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. കാക്കനാട് നിന്നും മുന്‍ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനോടൊപ്പം വൈകിട്ട് എട്ടിന് ഇടുക്കി അരമനയിലെത്തി. 
 
പ്രധാന വാർത്തകൾ
Top