12 December Wednesday

രണ്ടാം ദിവസം ലഭിച്ചത് 3കോടിയും രണ്ടര പവനും

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പിണറായി എ കെ ജി എച്ച‌്എസ‌്എസ്സിൽ നടന്ന വിഭവ സമാഹരണത്തിൽ ധനസഹായം മന്ത്രി കെ കെ ശൈലജയെ ഏൽപ്പിക്കുന്ന വിദ്യാർഥിനി.

 കണ്ണൂർ 

മഹാപ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനർ നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അകമഴിഞ്ഞ സഹായപ്രവാഹം. നവകേരള ധനസമാഹരണ കേന്ദ്രങ്ങളിലേക്ക് സംഭാവനകളൊഴുകുകയാണ്. ജാതി, മത, രാഷ്ട്രീയഭേദമെന്യേ എല്ലാവിഭാഗം ആളുകളും തങ്ങളാലാകാവുന്ന സഹായവുമായി ഈ ഉദ്യമത്തിൽ ആവേശപൂർവം അണിചേരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ബുധനാഴ്ച നാലുകേന്ദ്രങ്ങളിലായി നടന്ന ധനസമാഹരണത്തിൽ 3.02 കോടി രൂപയും രണ്ടര പവൻ സ്വർണവുമാണ് ലഭിച്ചത്. ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു. രണ്ടുദിവസങ്ങളിലായി എട്ടു കേന്ദ്രങ്ങളിൽക്കൂടി ഇനി ധനസമാഹരണ ക്യാമ്പുകൾ നടക്കാനുണ്ട്.  
പിണറായി, ചിറക്കുനി, കൂത്തുപറമ്പ‌്, പാനൂർ എന്നിവിടങ്ങളിലായിരുന്നു ബുധനാഴ്ച ധനസമാഹരണ പരിപാടി. മൊത്തം 3,02,39,338 രൂപയാണ് ലഭിച്ചത്. പിണറായി എ കെ ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പിണറായി, വേങ്ങാട്, കോട്ടയം‐ മലബാർ പഞ്ചായത്തുകളിൽനിന്നായി 75,29,101 രൂപയും കാൽ പവൻ ഡയമണ്ടും സംഭാവനയായി ലഭിച്ചു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ഗീതമ്മ (പിണറായി), സി പി അനിത (വേങ്ങാട്), ടി ഷബ്ന (കോട്ടയം‐ മലബാർ), ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 
ചിറക്കുനി ബസാറിൽ ധർമടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽനിന്നായി 43,82,364 രൂപയും രണ്ടേ കാൽ പവൻ സ്വർണവും ലഭിച്ചു. ധർമടം പഞ്ചായത്തിലെ ബൈജു നങ്ങാരത്തിന്റെ മകൻ ഇശാൻദേവിന്റെ ആദ്യജന്മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും തൊഴിലുറപ്പുപദ്ധതി ഓവർസിയറും എഇയും ഓരോ പവൻ വീതമുള്ള വളകളും നൽകിയത് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി സരോജം (ധർമടം), എം പി ഹാബിസ് (മുഴപ്പിലങ്ങാട്), തഹസിൽദാർമാരായ വി എം സജീവൻ (കണ്ണൂർ), ടി വി രഞ്ജിത്ത് (തലശേരി) എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പ് ടൗൺഹാളിൽ നടന്ന ധനസമാഹരണത്തിൽ 77,32,574 രൂപ മന്ത്രി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ സുകുമാരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ യു പി ശോഭ (ചിറ്റാരിപ്പറമ്പ്), വി ബാലൻ (പാട്യം), പി അശോകൻ (മാലൂർ), മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ കൃഷ്ണൻ എന്നിവർ  സംബന്ധിച്ചു.
പാനൂർ യുപി സ്കൂളിൽ നടന്ന പരിപാടിയിൽ 1,05,95,299 രൂപ സംഭാവനയായി ലഭിച്ചു. എംഎൽഎ ഓഫിസ് മുഖാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 83,04,455 രൂപ കെ കെ പവിത്രൻ മന്ത്രി കെ കെ ശൈലജക്കു കൈമാറി. ചടങ്ങിൽ കെ വി സുമേഷ് അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ വി റംല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വിമല (മൊകേരി), കെ ബാലൻ (കുന്നോത്തുപറമ്പ്), കെ മഹമൂദ് (തൃപ്രങ്ങോട്ടൂർ), എ ശൈലജ (പന്ന്യന്നൂർ), വി കെ രാഗേഷ് (ചൊക്ലി), മുൻമന്ത്രി കെ പി മോഹനൻ എന്നിവർ സംബന്ധിച്ചു
പ്രധാന വാർത്തകൾ
Top