15 November Thursday

ഇളമ്പച്ചി‐ തലിച്ചാലം റെയിൽവേ അടിപ്പാത വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ശ്രമം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
തൃക്കരിപ്പൂർ 
ഇളമ്പച്ചി‐ തലിച്ചാലം റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റി ശ്രമം തുടങ്ങി. അഞ്ച് എച്ച്പി ഡീസൽ മോട്ടോർ വാങ്ങിച്ചാണ് വെള്ളം പമ്പ് ചെയ്ത് നീക്കുന്നത്‌. നിർമാണത്തിലെ  അപാകതയെ തുടർന്ന് അടിപ്പാതയിൽ വെള്ളം കയറി മാസങ്ങളായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ റെയിൽവേ സ്ഥാപിച്ച വൈദ്യുതി പമ്പ് ഉപയോഗിച്ചുള്ള പമ്പിങ്‌ നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. മോട്ടോർ സ്ഥാപിക്കാനാവശ്യമായ ഫണ്ട് നാട്ടുകാർ തന്നെയാണ് സമാഹരിച്ചത്.
വൈദ്യുതി അധികൃതർ അടിപ്പാതയിൽ വൈദ്യുതി കണക്‌ഷൻ സ്ഥാപിച്ചിരുന്നു. മീറ്ററിന് മുകളിലേക്ക് വെള്ളം കയറിയതിനാൽ വൈദ്യുതി വിച്ഛേദിച്ചു. ചൊവ്വാഴ്ച വൈകിട്ടു വരെ പമ്പ് ചെയ്തിട്ടും റോഡിലെ വെള്ളം പൂർണമായി വറ്റിക്കാനായില്ല. തങ്ങളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ സമരം നടത്തിയെങ്കിലും റെയിൽവേയുടെയും പഞ്ചായത്തിന്റെയും ഭാഗത്തുനിന്ന്‌ നടപടിയുണ്ടായില്ല. പഞ്ചായത്തംഗം ടിവി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്നത്. 
മാസങ്ങളായി വെള്ളം കയറി മുങ്ങിപ്പോയ അടിപ്പാതയിലൂടെ ഒരു വാഹനത്തിനും കടന്നുപോകാനാവാത്ത നിലയിലായത് പ്രതിഷേധത്തിനിടയാക്കി. വെള്ളക്കെട്ട് കാരണം തലിച്ചാലം ഉൾപ്പെടെയുള്ള മറുഭാഗത്തുള്ളവർ അപകടകരമായ രീതിയിൽ റെയിൽവേ ട്രാക്ക് കുറുകെ കടക്കുകയായിരുന്നു. നേരത്തെ റെയിൽവേ സ്ഥാപിച്ച വൈദ്യുത മോട്ടോർകൂടി പ്രവർത്തിപ്പിച്ചാൽ അടിപ്പാതയിലൂടെയുള്ള യാത്ര പുനഃസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷ. ഇതിനായി റെയിൽവേയുടെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ എത്താമെന്നറിയിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞു.  രണ്ടുദിവസമായി മോട്ടോർ ഉപയോഗിച്ച്‌ പമ്പ് ചെയ്തതിനാൽ വെള്ളക്കെട്ട് ഒരു മീറ്റർ താഴ്ന്നെങ്കിലും പൂർണമായും ഒഴിവാക്കാനായില്ല. പാളത്തിന്റെ കിഴക്ക് തലിച്ചാലം ഭാഗത്തുനിന്നും കോൺക്രീറ്റിനിടയിലൂടെ ഉറവ സജീവമായതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. വയലിനോട് ചേർന്ന സ്ഥലമായതിനാൽ വെള്ളം കെട്ടിക്കിടക്കുന്നത് നീങ്ങിപ്പോകാൻ സമയമെടുക്കുകയാണ്. 
വെള്ളം ഒഴുക്കിവിടാൻ അടിപ്പാതയോട് ചേർന്ന് നിർമിച്ച ടാങ്കിൽ വയലിലെയും ഇരുവശങ്ങളിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടക്കുന്നത് റെയിൽവേ അധികൃതർ മോട്ടോർ പ്രവർത്തിപ്പിച്ചു നീക്കിയില്ലെങ്കിൽ 40,000 രൂപയിൽപരം രൂപ നാട്ടുകാർ സ്വരൂപിച്ചു വാങ്ങിയ മോട്ടോറിന്റെ ഗുണം അടിപ്പാതയിലുണ്ടാവില്ലെന്നാണ് പ്രദേശത്തുകാർ പറയുന്നത്.

 

പ്രധാന വാർത്തകൾ
Top