Top
23
Saturday, September 2017
About UsE-Paper

കരുനാഗപ്പള്ളി ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂള്‍ ശതാബ്ദി മന്ദിരം നാളെ മുഖ്യമന്ത്രി സമര്‍പ്പിക്കും

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌
ശതാബ്ദി ആഘോഷിക്കുന്ന കരുനാഗപ്പള്ളി ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂള്‍

കരുനാഗപ്പള്ളി > കരുനാഗപ്പള്ളി ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂളുകളുടെ രണ്ടു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങള്‍ വ്യാഴാഴ്ച  സമാപിക്കും. ആഘോഷങ്ങളുടെ സമാപനവും ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സ്കൂള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


1916ല്‍ സാമൂഹ്യ പരിഷ്കര്‍ത്താവായായിരുന്ന സി എസ് സുബ്രഹ്മണ്യന്‍ പോറ്റിയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1962ല്‍ ഗേള്‍സ് ബോയ്സ് സ്കൂളുകള്‍ പ്രത്യേകം തുടങ്ങി. 2000ല്‍ ബോയ്സില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ കമ്മിറ്റികള്‍ക്കാണ് ഭരണ ചുമതല. മുപ്പത്തിരണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തീകരിച്ചു. ഹയര്‍ സെക്കന്‍ഡറി കെട്ടിടം നവീകരിച്ചു. സ്ത്രീ സൌഹൃദ ടോയ്ലറ്റ്, ശുദ്ധീകരിച്ച കുടിവെള്ളം, ഗേള്‍സ് ഹൈസ്കൂളില്‍ നടപ്പിലാക്കിയ ആധുനിക ശബ്ദ സംവിധാനം, ശലഭപാര്‍ക്ക്, സ്കൂള്‍ ക്യാമ്പസിന്റെ സൌന്ദര്യവല്‍ക്കരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. 30അടി ഉയരമുള്ള ' ജീവതാളം ' എന്ന ശില്‍പ്പവും സ്കൂളില്‍ ഒരുക്കി. ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കിയതും ക്യാപ്റ്റന്‍ ലക്ഷ്മി ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളും വേറിട്ടതാണ്. സ്കൂള്‍ മട്ടുപ്പാവില്‍ നടത്തിയ പച്ചക്കറി കൃഷിയിലൂടെ മികച്ച വിളവെടുപ്പ് നടത്താനും കുട്ടികള്‍ക്കായി.ഭാവി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂള്‍ ഹൈടെക് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.


 വൈകിട്ട് 4.30ന് ചേരുന്ന സമ്മേളനത്തില്‍ ജീവതാളം ശില്‍പ്പത്തിന്റെ അനശ്ചാദനവും പൈതൃക സ്മാരകമാക്കി മാറ്റിയ പഴയ ഓഫീസ് മന്ദിരവും സ്കൂളിന് ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിക്കും. 3ന്് ലാലാജി ജങ്ഷനില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. കുട്ടികളുടെ കലാപരിപാടികളും,  തിരുവനന്തപുരം ജി ദേവരാജന്‍ക്വയറിന്റെ ഗാനസന്ധ്യയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ പ്രൊഫ. ആര്‍ ചന്ദ്രശേഖരപിള്ള, പ്രിന്‍സിപ്പല്‍ ബിന്ദു ആര്‍ ശേഖര്‍, ഹെഡ്മിസ്ട്രസ് മാരായ മേരി ടി അലക്സ്, എല്‍ ശ്രീലത, മാനേജിംഗ് കമ്മിറ്റി അംഗം എം സുഗതന്‍, സ്റ്റാഫ് സെക്രട്ടറി ജെ പി ജയലാല്‍ എന്നിവര്‍ പങ്കെടുത്തു.