Top
16
Saturday, December 2017
About UsE-Paper

കായികരംഗത്തെ കച്ചവടപ്രവണത അവസാനിപ്പിക്കും: മന്ത്രി

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

 

 
പാലക്കാട് > കായികരംഗം കച്ചവടമായി മാറിയപ്പോള്‍ അതില്‍ മോശം പ്രവണത വളര്‍ന്നുവരുന്നുവെന്നും അത് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്രിക്കറ്റ്, വേളിബോള്‍, ഫുട്ബോള്‍ എന്നിവയിലൊക്കെ മോശം പ്രവണത വളര്‍ന്നുവരുന്നു. ഇത്തരം പ്രവണതയെ ചെറുക്കാന്‍ സ്പോര്‍ട്സിനെ സ്പോര്‍ട്സ് ആയിത്തന്നെ നിലനിര്‍ത്തികൊണ്ടേ കഴിയൂ. കായികതാരങ്ങളോട് ഇതുവരെ ചെയ്ത അപരാധം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. വിനീതിന് ജോലി നല്‍കിയതുള്‍പ്പെടെ 72 കായികതാരങ്ങള്‍ക്ക് പൊതുമേഖലയില്‍ ജോലി നല്‍കിയതിലൂടെ സര്‍ക്കാര്‍ ഒരു സന്ദേശം നല്‍കുകയാണ്. കായികതാരങ്ങളുടെ ജോലി കളിക്കുകയാണ്. അതിനാണ് അവരെ നിയമിക്കുന്നത്. അല്ലാതെ മറ്റ് മാനദണ്ഡങ്ങള്‍ നോക്കിയല്ല. പി യു ചിത്രയെ അന്തര്‍ദേശീയ മീറ്റില്‍നിന്ന് ഒഴിവാക്കിയതിന് ഒരു മാനദണ്ഡവുമുണ്ടായിരുന്നില്ല. ചിത്രയ്ക്കുവേണ്ടി കേരളം ഒറ്റക്കെട്ടായി നിലകൊണ്ടു. കായികമികവ് നേടിയവരെ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കുന്നത് ശരിയായ നിലാപടല്ല. കായിക വകുപ്പ് പൂര്‍ണമായും കായികതാരങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. 
സ്കൂളുകളില്‍ യോഗ പഠിപ്പിക്കുന്നതിന് നാനൂറോളം കായികഅധ്യാപകരെ പരിശീലിപ്പിക്കുന്ന പദ്ധതി തുടങ്ങുകയാണ്. അതോടൊപ്പം സ്കൂളുകളില്‍ യോഗ പഠിപ്പിക്കുന്നതിന് ആരോഗ്യം, വിദ്യാഭ്യാസം. സ്പോര്‍ട്സ് വകുപ്പുകളിലെ സെക്രട്ടറിമാരുടെ പാനല്‍ ഉണ്ടാക്കുകയും അതിന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മേല്‍നോട്ടം വഹിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. മൂന്ന് വകുപ്പുകള്‍ മൂന്ന് രീതിയില്‍ യോഗ അഭ്യാസവുമായി മുന്നോട്ടു പോകുന്നതിന് പകരം ഏകീകൃത രൂപമുണ്ടാക്കാനാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.