19 November Monday

കടൽക്ഷോഭം മത്സ്യബന്ധനബോട്ടുകൾ തകർന്നു: 15 കോടിയുടെ നഷ‌്ടം

സ്വന്തം ലേഖകർUpdated: Friday Jul 13, 2018

പടിഞ്ഞാറെക്കരയിൽ തകർന്ന മത്സ്യ ബന്ധന ബോട്ടുകൾ

 

 
പൊന്നാനി/തിരൂർ
രൗദ്രഭാവംപൂണ്ട മഴയും കലിതുള്ളിയ കടലും ജില്ലയിൽ വിതച്ചത് വൻനാശനഷ്ടം. തീരമേഖലയിൽ കടൽക്ഷോഭത്തിൽപെട്ട് മത്സ്യബന്ധന വള്ളങ്ങളും വലകളുമുൾപ്പെടെ നശിച്ചു. പടിഞ്ഞാറെക്കര അഴിമുഖത്തും പൊന്നാനിയിലും നങ്കൂരമിട്ട വള്ളങ്ങൾ കയർപൊട്ടി കടലിലെത്തി കൂട്ടിയിടിച്ചും മുങ്ങിയും തകർന്നു. 
എട്ട് വലിയ വള്ളങ്ങൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും നശിച്ചു. താനൂരിലെ വാദി സലാം, അഞ്ചുടിയിലെ ചെങ്കൊടി, കസബ, ജീലാനി, നജാത്ത്, കൂട്ടായി വാടിക്കലിലെ മമ്പുറം സെയ്ദ്, തക്വ, റജബ് എന്നിവയാണ് തകർന്നത്. 
ഒഴുകിപ്പോയ അഞ്ചെണ്ണം മത്സ്യത്തൊഴിലാളികളും ഫിഷറീസ് അധികൃതരും ചേർന്ന് കരക്കെത്തിച്ചു.12 ചെറുവള്ളങ്ങൾ കാണാതായി. അഞ്ച് ചെറുവള്ളങ്ങൾ കണ്ടെത്തി. 
ഒരു കോടിവരെ വില വരുന്നതാണ് ഓരോ വള്ളങ്ങളും. വിലപിടിപ്പുള്ള വലിയ വലകൾ, യന്ത്രങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയും നഷ്ടമായി.
ഭാരതപ്പുഴയിൽനിന്നുള്ള ഒഴുക്കിന്റെ ശക്തി കൂടിയതും ശക്തമായ തിരകൾ കരയിലേക്ക് അടിച്ചുകയറിയതുമാണ് നാശത്തിന് കാരണം. തിരയടിച്ചാണ് ബോട്ടുകൾ തകർന്നത്. മീൻവലകളും നഷ്ടമായി. പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായി. വെള്ളിയാഴ്ചയായതിനാൽ കടലിൽ പോകാത്തതിനാൽ വള്ളങ്ങൾ ഒഴുക്കിൽപെട്ടത് വൈകിയാണ‌് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത‌്.
ഇരുപതിലേറെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാറുള്ള വലിയ തരം വള്ളങ്ങളാണ് നഷ്ടമായത്. പടിഞ്ഞാറെക്കര ജങ്കാർ ജെട്ടിയുടെ ഭാഗത്താണ് ഇവ കെട്ടിയിടാറുള്ളത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ പതിനേഴ് വരെ മത്സ്യബന്ധനത്തിന്  പോകരുത് എന്ന ഫിഷറീസ് വകുപ്പിന്റെ നിർദേശത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാറില്ല.
മത്സ്യബന്ധന വള്ളങ്ങൾ തകർന്നത് പ്രകൃതി ദുരന്തമായി കണക്കാക്കണമെന്ന് പടിഞ്ഞാറേക്കര അഴിമുഖം സന്ദർശിച്ച വി അബ്ദുറഹിമാൻ എംഎൽഎ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top