20 November Tuesday

ഗെയില്‍, ദേശീയപാത അട്ടിമറി നീക്കം ഛിദ്രശക്തികള്‍ക്ക് കുടപിടിച്ചത‌് മുസ്ലിംലീഗ്

സ്വന്തം ലേഖകൻUpdated: Friday Jul 13, 2018

 മലപ്പുറം 

ഗെയിൽ വാതക പൈപ്പ് ലൈൻ, ദേശീയപാതാ വികസനം തുടങ്ങി മലപ്പുറം ജില്ലയുടെ പുരോഗതിക്ക് അടിത്തറയാകേണ്ട പദ്ധതികൾ അട്ടിമറിക്കാൻ ഛിദ്രശക്തികൾ നടത്തിയ കലാപനീക്കങ്ങൾക്ക് കുടപിടിച്ചത‌്  മുസ്ലിംലീഗ്. ഗെയിൽ  പൈപ്പ് ലൈൻ പദ്ധതിക്കെതിരെ മതവികാരം ഇളക്കിവിട്ട് എരഞ്ഞിമാവിൽ കലാപമഴിച്ചുവിട്ട തീവ്രവാദശക്തികൾക്ക് സർവ പിന്തുണയും നൽകിയത‌് ഉന്നത നേതാക്കളടക്കമുള്ള ലീഗുകാർ. മതചിഹ്നങ്ങൾ ദുരുപയോഗിച്ച് സമരത്തെ വഴിതെറ്റിച്ചത് തിരിച്ചറിഞ്ഞ ജനം നഷ്ടപരിഹാരം ഉയർത്താൻ സർക്കാർ നടത്തിയ ഫലപ്രദമായ ഇടപെടലുകളിൽ വിശ്വാസമർപ്പിച്ച് പിന്മാറി. ഇതോടെ  തീവ്രവാദ ശക്തികളുടെയും ലീഗുകാരുടെയും അട്ടിമറിസ്വപ്നം പൊലിഞ്ഞു.     
മലപ്പുറത്ത് ദേശീയപാത 66ന്റെ വികസനം അട്ടിമറിക്കാനുള്ള ഛിദ്രശക്തികളുടെ നീക്കങ്ങൾക്കും ലീഗ് സർവപിന്തുണയും നൽകി. എ ആർ നഗറിൽ ദേശീയപാതക്ക് സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികളുടെ സമാധാനപരമായ പ്രതിഷേധം പൊലീസിനെ കല്ലെറിഞ്ഞും റോഡിൽ തീയിട്ടും വഷളാക്കിയത് പുറത്തുനിന്ന് എത്തിയ ചിലരാണ്. ജനവാസ മേഖല ഒഴിവാക്കാൻ ഇടപെടാതിരുന്ന ലീഗ് ജനപ്രതിനിധികൾ പിന്നീട് അവർക്കെതിരെ പ്രതിഷേധം ഉയരുന്നതറിഞ്ഞ് കലാപത്തിലൂടെ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. അതിന‌് മതതീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക്  പിന്തുണയും നൽകി. സ്വാഗതമാട് സമരസമിതി നടത്തിയ നിരാഹാര സമരത്തിൽ തീവ്ര നിലപാടുകാർ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചത് ലീഗ് നേതൃത്വം കണ്ടില്ലെന്ന് നടിച്ചു. തീവ്രവാദ സംഘടനകളെപ്പോലും തോൽപ്പിക്കുംവിധമായിരുന്നു ലീഗിന്റെയും അവരുടെ പത്രത്തിന്റെയും വർഗീയ പ്രചാരണം.   
കശ്മീരിൽ ബാലികയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വർഗീയവിഭജനം ലക്ഷ്യമിട്ട് സംഘപരിവാർ ആസൂത്രണംചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ എസ്ഡിപിഐക്കൊപ്പം  മുസ്ലിംലീഗ് പ്രവർത്തകരും അക്രമത്തിനിറങ്ങി. താനൂരിലും മഞ്ചേരിയിലും അക്രമങ്ങളുണ്ടായി. 2000 കേസുകളാണ് ജില്ലയിൽമാത്രം പൊലീസ് ചാർജ് ചെയ്തത്. അറസ്റ്റിലായവരെ മോചിപ്പിക്കാൻ മഞ്ചേരിയിൽ ലീഗ് എംഎൽഎ പൊലീസ് സ്‌റ്റേഷനിലെത്തിയതും വിവാദമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top