20 June Wednesday

വിസിൽ മുഴങ്ങുംമുമ്പേ “കൊടി’പൂരം

സ്വന്തം ലേഖകൻUpdated: Wednesday Jun 13, 2018

ലോകകപ്പ് ഫുട്ബോളിന്റെ പതാകകൾ തയ്യാറാക്കുന്ന ചെട്ടിപ്പീടികയിലെ കടയിൽനിന്ന്.

കണ്ണൂർ
അർജന്റീനയുടെ ആരാധകർ ആറുമീറ്ററുള്ള പതാക കെട്ടിയാൽ ജർമൻ ഫാൻസിന് 12 മീറ്ററുള്ളത് വേണം. വഴിയോരത്തും ക്ലബ് പരിസരങ്ങളിലുമെല്ലാം പാറിക്കളിക്കുന്നത് പല രാജ്യങ്ങളുടെയും കൂറ്റൻ പതാകകൾ. അതിർത്തികളും ഭിന്നതകളുമില്ലാത്ത മനുഷ്യരെ സൃഷ്ടിക്കുന്ന സോക്കർ വസന്തത്തിന്റെ നിറച്ചാർത്തിലാണ് നാടും നഗരവും. കായിക മാമാങ്കത്തിന്റെ ആദ്യവിസിൽ റഷ്യയുടെ തട്ടകത്തിൽ മുഴങ്ങും മുമ്പേ എങ്ങും ആവേശത്തിന്റെ കൊടിയേറ്റം.
ഫ്ളക്സ് ബോർഡുകളിൽനിന്നും പ്ലാസ്റ്റിക്കിൽനിന്നും നാടിനെ വിമുക്തമാക്കാനുള്ള യജ്ഞം ആരംഭിച്ചതിനാൽ മുൻകാലങ്ങളിലെന്നതുപോലെ ഫ്ളക്സ് ബോർഡുകളിലൂടെ ആവേശം പ്രതിഫലിപ്പിക്കുന്നത് കുറഞ്ഞു. കൊടിക്കൂറകൾ, ജേഴ്സികൾ, പതാകയുടെ നിറങ്ങളിലുള്ള തൊപ്പികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഇത്തരം സ്ഥാപനങ്ങൾ തേടി നെട്ടോട്ടമോടുകയാണ് കളിക്കമ്പക്കാർ. 
പലയിടങ്ങളിലും പ്രധാന ടീമുകളുടെ ജേഴ്സിയണിഞ്ഞ് മിനി ലോകകപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഷൂട്ടൗട്ട് മത്സരങ്ങൾ, വിളംബര ഘോഷയാത്രകൾ തുടങ്ങി കായിക മാമാങ്കം മഹോത്സവമാക്കാനുള്ള ഒരുക്കത്തിലാണ് കാണികൾ. ഗ്രാമപ്രദേശങ്ങളിൽ പോലും വലിയ സ്ക്രിനുകൾ സജ്ജീകരിക്കുന്നുണ്ട്. 
കൂട്ടുകാർക്കൊപ്പം കളി കാണാനായി വിദേശരാജ്യങ്ങളിലെ ജോലിയിൽനിന്നും അവധിയെടുത്ത് നാട്ടിലെത്തിയവരുമുണ്ട്. റോഡുകളിൽ സ്ഥാപിച്ച ഇഷ്ടരാജ്യങ്ങളുടെ പതാകകൾ നശിപ്പിക്കുന്നത് ചിലയിടങ്ങളിൽ ആരാധകർ തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കുന്നുണ്ട്. 
വൻതുക മുടക്കി ഉയർത്തിയ പതാകകൾക്ക് ക്യാമറനിരീക്ഷണം ഏർപ്പെടുത്തിയവരുമുണ്ട്. വാഹനങ്ങൾക്കും മതിലുകൾക്കും സ്വന്തം ടീമിന്റെ ജേഴ്സിയുടെ പെയിന്റ് അടിക്കുന്നതും പതിവാണ്. മുൻകാലങ്ങളിൽ സ്വകാര്യബസ്സുകൾ ലോകകപ്പ് വേളയിൽ നിറം മാറ്റാറുണ്ടായിരുന്നു. ബസ്സുകൾക്ക് ഏകീകൃത  നിറം നൽകിയതോടെ ഇതുമുടങ്ങി. 
ജേഴ്സികളും പതാകകളും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ ഇപ്പോൾ ചാകരക്കാലമാണ്. 
തൊപ്പികൾക്ക് 30 രൂപയാണ്. 70 രൂപ മുതൽ 2500 രൂപ വരെയുള്ള പതാകകൾ തയ്യാറാക്കുന്നുണ്ടെന്ന് ചെട്ടിപ്പീടികയിലെ വിവ കണ്ണൂർ എന്ന അപ്പാരൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും ഫുട്ബോൾ സംഘാടകനുമായ പ്രശാന്തൻ  പെരളശേരി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top