20 June Wednesday

വനിതാ കമീഷൻ അദാലത്ത് കണ്ണീർക്കാഴ്ചയായി കുടുംബങ്ങൾ

സ്വന്തം ലേഖികUpdated: Tuesday Mar 13, 2018
തിരുവനന്തപുരം >  കണ്ണീർക്കാഴ്ചയായി മകന്റെ കൈപിടിച്ച്  വനിതാ കമീഷൻ അദാലത്തിന് എത്തിയ വൃദ്ധദമ്പതികൾ. പാറശാല സ്വദേശി തൊണ്ണൂറ്റിമൂന്നുകാരൻ നാരായണൻകുട്ടിയും എൺപത്തിനാലുകാരി തുളസിയുമാണ് മകനൊപ്പം അദാലത്തിന് എത്തിയത്. പതിനേഴുകാരൻ കൊച്ചുമകനിൽനിന്ന് സംരക്ഷണം  നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
മരുമകളും മക്കളും സ്വത്ത് എഴുതിനൽകണമെന്നാവശ്യപ്പെട്ടാണ് ഉപദ്രവം ആരംഭിച്ചത്. ചെറുമകന്റെ അടിയേറ്റ് തലച്ചോറിന് ക്ഷതമേറ്റ് ആശുപത്രിയിലായ അവസ്ഥവരെ വന്നെന്ന് തുളസി നിറമിഴികളോട് പറഞ്ഞു. എതിർകക്ഷി ഹാജരാകാതിരുന്നതിനാൽ കേസ് അടുത്ത ഹിയറിങ്ങിലേക്ക് മാറ്റി. കൂട്ടുകാരിക്ക് ബാങ്ക്വായ്പയെടുക്കാൻ ജാമ്യംനിന്ന് കിടപ്പാടം നഷ്ടപ്പെട്ട് വാടകവീട്ടിൽ കഴിയേണ്ടിവന്ന റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥയും വനിതാ കമീഷൻ തുണതേടിയെത്തി.  കൂട്ടുകാരിയെ വിശ്വസിച്ച് അഞ്ചുലക്ഷം സഹായമായി നൽകിയതാണ് ഇവരുടെ 13 സെന്റ് സ്ഥലവും വീടും ജപ്തിചെയ്യുന്ന സ്ഥിതിയിൽ എത്തിച്ചത്. അതേസ്ത്രീയാൽ വഞ്ചിതയായ മറ്റ് രണ്ടുസ്ത്രീകൾക്കൊപ്പമാണ് അവർ അദാലത്തിനെത്തിയത്. തിങ്കളാഴ്ച ഹാജരാകാത്ത എതിർകക്ഷിയെ അടുത്ത ഹിയറിങ്ങിൽ ഹാജരാക്കാൻ കമീഷൻ പൊലീസിനോട് നിർദേശിച്ചു. 
 
ഭാര്യയെ നാട്ടിലാക്കി കുട്ടികളുമായി ഭർത്താവ് ഗൾഫിലേക്ക് കടന്ന പരാതിയും കമീഷനിലെത്തി. നോർക്കയുടെ സഹായത്തോടെ എതിർകക്ഷിയെ നാട്ടിലെത്തിക്കാൻ തീരുമാനമെടുത്തു. 150 പരാതി അദാലത്തിലെത്തി. വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ, അംഗങ്ങളായ ഇ എം രാധ, ഷിജി ശിവജി, ഡയറക്ടർ വി യു കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 51 പരാതി തീർപ്പാക്കി.  83 കേസ് അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. നാല് കേസിൽ ദമ്പതികൾക്ക് കൗൺസലിങ്ങ്് നൽകും. 12 കേസിൽ പൊലീസിന്റെ് റിപ്പോർട്ട് തേടാനും തീരുമാനിച്ചു. അദാലത്ത് ചൊവ്വാഴ്ചയും തുടരും.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top