10 December Monday

കടത്തനാട്ടില്‍ ഇനി കളിയാരവം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018
 
വടകര > കളരി പാരമ്പര്യത്തിന് പുകള്‍പെറ്റ ഈനാട് കളിക്കുമാത്രമല്ല കളിയാരവത്തിനും പേരുകേട്ടതാണ്. 18നാള്‍ കഴിയുന്നതോടെ കടത്തനാട് വോളിബോളിനും പിന്നീട് ഫുട്ബോളിനും കാതോര്‍ക്കും. എതിരാളികളുടെ നെഞ്ചുപിളര്‍ക്കുന്ന ചാട്ടുളി സ്മാഷുകളിലും ഗോള്‍ വല തുളയ്ക്കുന്ന ഷൂട്ടുകളിലും കാണികളുടെ നെഞ്ചുപിടയ്ക്കുമ്പോള്‍ ഗ്യാലറിയില്‍ ആരവമുയരും. കൂട്ടായ്മയുടെ കരുത്തില്‍ കായികമാമാങ്കത്തിന് പുതുചരിതം രചിച്ച മണ്ണില്‍ ഇരുചാമ്പ്യന്‍ഷിപ്പുകളും ഒരുക്കുന്നത് വടകരയുടെ പൊരുതുന്ന യൌവനമാണ്. 
സര്‍ഗാത്മക പ്രവര്‍ത്തനത്തിനൊപ്പം കായികമുന്നേറ്റത്തിനും തുടര്‍പ്രക്രിയയൊരുക്കുന്ന ഈ സംഘബോധത്തോട് നമുക്ക് നന്ദിപറയാം.
കായികപ്രേമികളുടെ അകം കുളിര്‍പ്പിച്ച മണ്ണില്‍ വോളിബോളിന്റെയും ഫുട്ബോളിന്റെയും പാരമ്പര്യം വീണ്ടെടുക്കുമ്പോള്‍  മറ്റൊരുപ്രധാനദൌത്യം കൂടി നിര്‍വഹിക്കുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ സമാഹരണത്തിനുവേണ്ടിയാണ് ഇരുമേളകളും സംഘടിപ്പിക്കപ്പെടുന്നത്. ഡിവൈഎഫ്ഐ നടക്കുതാഴെ മേഖലാകമ്മറ്റിയാണ് ഇന്റര്‍ക്ളബ് പുരുഷ-വനിത വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെ നാരായണനഗറില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി, കെഎസ്ഇബി, കേരള പൊലീസ്, കസ്റ്റംസ്, ഫോര്‍ട്ട്കൊച്ചി എന്നിവരും വനിതാ വിഭാഗത്തില്‍ കെഎസ്ഇബി, കേരള പൊലീസ്, സായ്സെന്റര്‍, അസംപ്ഷന്‍ കോളേജ് എന്നിവരും മാറ്റുരയ്ക്കും. സാന്ത്യന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന മേഖല കമ്മറ്റി ഒരുവര്‍ഷത്തിലേറെയായി ഗവ. ജില്ലാആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സായാഹ്നഭക്ഷണം നല്‍കുന്നത്.
ഇന്റര്‍ക്ളബ് വോളിബോളിന് നഗരം ആതിഥ്യമരുളുമ്പോള്‍ കളിയാരവക്കാരുടെ ഓര്‍മകള്‍ നിറയുന്നത് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ദേശീയ വോളിയിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ മത്സരം വടകരയുടെ വോളിപ്രതാപം വീണ്ടെടുക്കുകയായിരുന്നു. ഇത്തവണ അഖിലേന്ത്യാ വോളിക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചതിനെ തുടര്‍ന്നാണ് ഇന്റര്‍ക്ളബ് മത്സരത്തിന് വടകര വേദിയാവുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അഖിലേന്ത്യാ വോളിയുടെ ചുവടുപിടിച്ച് നാടെങ്ങും വോളിബോള്‍ ലഹരിയിലാണ്. വയലുകളലും കളിപറമ്പുകളും പന്തുകളിയുടെ ആരവമുയര്‍ന്നുതുടങ്ങി. മധ്യവേനലവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്നതോടെ അവധിക്കാല പരിശീലനങ്ങളും പ്രാദേശിക ടൂര്‍ണമെന്റുകളും സജീവമാവും.  
ഡിവൈഎഫ്ഐ വടകര നോര്‍ത്ത് മേഖല കമ്മറ്റിയാണ്  ഉത്തരമേഖല ഫുട്ബേള്‍മത്സരം സംഘടിപ്പിക്കുന്നത്. 31ന്  സാന്‍ഡ്സ് ബാങ്ക്സില്‍ ഗ്രൌണ്ടിലാണ് മത്സരം. 18 ടീമുകള്‍  മാറ്റുരയ്ക്കും. വിജയികള്‍ക്ക് സി ദാമോദരന്‍ മാസ്റ്റര്‍ സ്മാരക ട്രോഫിയും അരലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് എ സി ഫൈസല്‍ സ്മരാ ട്രോഫിയം കാല്‍ലക്ഷം രൂപയും സമ്മാനിക്കും. ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും കേരള ബ്ളാസ്റ്റേഴ്സ് നായകനവുമായ സി കെ വീനിത് മഖ്യാതിഥിയാവും. കഴിഞ്ഞതവണ വടകരയിലെയും സമീപപ്രദേശങ്ങളിലെയും കായികപ്രേമികള്‍ നെഞ്ചേറ്റിയതുപോലെ ഇത്തവണയും ഇരുചാമ്പ്യന്‍ഷിപ്പുകളും ജനം ഹൃദയത്തിലേറ്റും. മത്സരങ്ങളുടെ പ്രചരണാര്‍ത്ഥം നാടങ്ങും പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top