21 May Monday

നഷ്ടസ്മൃതികളുടെ കാർഷികമേള

ബിമൽ പേരയംUpdated: Tuesday Feb 13, 2018
 
പാലോട് > അമ്പത്തഞ്ചാംവർഷത്തിലേക്ക് പാലോട് മേള കടക്കുമ്പോൾ പഴയ കന്നുകാലിച്ചന്തയുടെ ആരവം കാതിൽ മുഴങ്ങുകയാണെന്ന് 60 പിന്നിട്ട പൊന്നമ്മ. ഈറ്റ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമായിരുന്ന പാലോട് മേളയിലേക്ക് അച്ഛന്റെ കൈവിരലിൽ തൂങ്ങി ആദ്യമെത്തിയത് 16‐ാംവയസ്സിലാണ്. അന്നുമുതൽ എല്ലാ കൊല്ലവും മേളയിലെത്തും. 
വട്ടിയും മുറവുമായി എത്തുന്ന കുഞ്ഞുവിൽപ്പനക്കാരിക്ക് ജീവിതത്തിൽ സാമ്പത്തിക ഉയരങ്ങൾ കീഴടക്കാനായില്ലെങ്കിലും അറുപതാണ്ട് പിന്നിലേക്ക് നോക്കുമ്പോൾ അതിജീവനത്തിന്റെ കരുത്താണ് ഇന്നുമീ മേള.
 ഭരതന്നൂരിൽനിന്ന് ഈറ്റ ഉൽപ്പന്നങ്ങളുമായി മേളയിലെത്തിയത് എട്ടുപേരാണ്. വട്ടി, കുട്ട, പനമ്പായ, അരിവാല, മുറം, ചിരട്ടത്തവി എന്നിങ്ങനെ വിവിധതരം ഈറ്റ ഉൽപ്പന്നങ്ങൾ കുറഞ്ഞവിലയ്ക്കാണ് ഇവർ വിൽപ്പനയ്ക്കെത്തിച്ചിട്ടുള്ളത്.
പ്ലാസ്റ്റിക് നിർമിത ഉൽപ്പന്നങ്ങൾക്കെതിരെയുള്ള മേളയിലെ ശക്തരായ പ്രചാരകർകൂടിയാണ് ഇവർ. പൊന്നമ്മ, മേരി, ശ്യാമള, മറിയ, മാർത്ത, ജെസി എന്നിവരെല്ലാം ഈറ്റ ഉൽപ്പന്നങ്ങളുമായി ആവേശത്തോടെയാണ് എത്തിയത്. 
ചായം തേച്ച് മനോഹരമാക്കിയ ചെറുവട്ടികൾക്ക് 20 രൂപയാണ് വില. 20 മുതൽ 40 രൂപവരെയുള്ള വിലകൾക്ക് ചിരട്ടത്തവി വാങ്ങാം. ഈർക്കിൽച്ചൂലും മിതമായ നിരക്കിൽ വിൽപ്പനയ്ക്കുണ്ട്. വലിയ കുട്ടകൾക്കും വട്ടികൾക്കുമെല്ലാം നൂറു രൂപയാണ്.
ഈറ്റ ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഈ തൊഴിലിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നതായി പൊന്നമ്മ പറഞ്ഞു. മക്കളോ പേരക്കുട്ടികളോ ഈ രംഗത്തേക്ക് വരുന്നില്ല.
 തങ്ങളുടെ കാലശേഷം ഈറ്റ ഉൽപ്പന്നങ്ങളുടെ നിർമാണം നിലച്ചുപോയേക്കാമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നുണ്ട്. കാട്ടിൽനിന്ന് തലച്ചുമടായി ഈറ്റ എത്തിക്കുന്നതിനുള്ള പാസാണ് വനംവകുപ്പ് നൽകുന്നത്. കിലോമീറ്ററുകൾ താണ്ടി തലച്ചുമടേന്തി ഇവ എത്തിക്കുന്നതിനുള്ള ആരോഗ്യശേഷിയും വാർധക്യത്തിലെത്തി നിൽക്കുന്ന ഇവർക്കില്ല. ഈ കൈവിരുതിനെ നിലനിർത്താൻ പ്രോത്സാഹനം വേണം.
 
 
പ്രധാന വാർത്തകൾ
Top