14 August Tuesday

സഹകരണമേഖലയുടെ കരുത്തുമായി വർണാഭ ഘോഷയാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

സഹകരണ കോൺ-ഗ്രസിൽ കേരള ബാങ്കും ഹ്രസ്വകാല കാർഷിക വാ‍യ്പ മേഖല‍യും സെമിനാർ ഇ പി- ജയരാ-ജൻ- എംഎൽ-എ ഉദ്ഘാടനം ചെയ്‍യുന്നു

 കണ്ണൂർ>  വർണങ്ങളിൽ കോർത്ത മുത്തുമാല പോലെ നീങ്ങിയ സഹകാരികൾ. വർത്തമാനകാലത്തിന്റെ പരിഛേദമായ നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യ ഘോഷങ്ങളുടെ തിരയിളക്കം, നൃത്തങ്ങൾ, കലാരൂപങ്ങൾ, ശിങ്കാരിമേളം, മുത്തുകുടകൾ, വർണ ബലൂണുകൾ. കേരളീയവേഷമണിഞ്ഞെത്തിയവർ, സഹകരണപതാകയെ അനുസ്മരിക്കുന്ന വർണവസ്ത്രങ്ങൾ അണിഞ്ഞവർ.   മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ് സഹകരണ കോൺഗ്രസിന് സമാപനംകുറിച്ച് നടന്ന  ഘോഷയാത്ര കണ്ണൂർ നഗരത്തിന് സമ്മാനിച്ചത്. വഴിനീളെ കാഴ്ചക്കാരായി ആയിരങ്ങൾ.  നാലരമണിക്കൂറോളം നീണ്ട ഘോഷയാത്ര  കണ്ടുനിന്നവർക്ക്  ആനന്ദം പകർന്നു. ഒപ്പം ചിന്തകളും ഉണർത്തി. നാടിന്റെ സ്പന്ദനം ഏറ്റുവാങ്ങുന്നവരാണ് തങ്ങളെന്ന് അടയാളപ്പെടുത്തുന്നതായിരുന്നു പടുകൂറ്റൻ ഘോഷയാത്ര. 

  പകൽ രണ്ടിന് സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്ത് നിന്ന് ഘോഷയാത്രക്ക് തുടക്കമായി. മുന്നിലായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ, സംഘാടകസമിതി ചെയർമാൻ ഇ പി ജയരാജൻ എംഎൽഎ, എം പ്രകാശൻ, പി പി ദിവാകരൻ, കെ എം ജോസഫ്, പ്രദീപ് പുതുക്കുടി, സി വി ശശീന്ദ്രൻ, സി എ അജീർ തുടങ്ങിയ ഒട്ടേറെ സഹകരണനേതാക്കൾ അണിനിരന്നു. ജില്ലയിലെ പ്രധാന സഹകരണ സ്ഥാപനങ്ങളൊക്കെ സ്വന്തം ബാനറിന് കീഴിൽ നിരന്ന്  വാാദ്യങ്ങളോടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് നീങ്ങി. അമ്പതിൽപരം നിശ്ചലദൃശ്യങ്ങൾ നഗരത്തിൽ വിസ്മയം തീർത്തൊഴുകി. സഹകരണമേഖലയുടെ വിരൽസ്പർശമുള്ളവയൊക്കെ  നിശ്ചലദൃശ്യങ്ങളായി അവതരിപ്പിക്കപ്പെട്ടു.  ജനങ്ങളെ ബോധവൽക്കരിക്കുന്നതായിരുന്നു ഒട്ടുമിക്കവയും. മയക്കുമരുന്നിനെതിരെ, നാടിന്റെ പച്ചപ്പ് നശിപ്പിക്കുന്നതിനെതിരെ, നോട്ട് നിരോധനമുണ്ടാക്കിയ പ്രത്യാഘാതങ്ങൾ, കോർപറേറ്റുകളുടെ നീരാളിപിടിത്തം തുടങ്ങി ജനങ്ങൾ അനുഭവിക്കുന്ന ഒരോകാര്യവും ദൃശ്യങ്ങളായി മുന്നിലെത്തി.
ഉച്ചയോടെ നഗരത്തിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിലും മറ്റുമായി ഒഴുക്ക് ആരംഭിച്ചിരുന്നു. കടുത്ത ചൂട് കൂസാതെയായിരുന്നു ഘോഷയാത്ര തുടങ്ങിയത്. സഹകരണമേഖലയുടെ പേര് അന്വർഥമാക്കുന്നരീതിയിൽ ജനങ്ങളുമായി സഹകരിച്ചാണ് നീങ്ങിയത്. വാഹനങ്ങളെ തടസ്സപ്പെടുത്താതെ റോഡരുകിലുടെ നീങ്ങിയ ഒരുലക്ഷം പേർ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര സഹകരണപ്രസ്ഥാനത്തിന്റെ അച്ചടക്കവും കരുത്തും വിളംബരം ചെയ്യുന്നതായിരുന്നു. തുടർന്ന് കലക്ടറേറ്റ് മൈതാനിയിൽ പൊതുസമ്മേളനം നടന്നു.  
 
പ്രധാന വാർത്തകൾ
Top