19 October Friday

തൃത്താലയില്‍ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

 

പാലക്കാട് > രാജ്യം ആദരിക്കുന്ന മഹാനായ എ കെ ജിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസിലെ വി ടി ബല്‍റാം എംഎല്‍എക്കെതിരെ തൃത്താലയില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം. എംഎല്‍എ തെറ്റ്തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വി ടി ബല്‍റാമിന്റെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം വെള്ളിയാഴ്ച രാവിലെ പത്തിന് തൃത്താല സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ചു. 
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു എംഎല്‍എ പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന മഹാനെ അപമാനിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് തെറ്റാണെന്ന് സമ്മതിക്കുന്നതിന് പകരം ന്യായീകരണവുമായി രംഗത്തുവന്നതാണ് ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കിയത്. എംഎല്‍എക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെമ്പാടും തൃത്താലയില്‍ വ്യാപകമായും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നുവരികയാണ്. ബുധനാഴ്ച കാഞ്ഞിരത്താണിയില്‍ പ്രതിഷേധ പ്രകടനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തിരുന്നു. അതിന് മുമ്പ് എംഎല്‍എ ഓഫീസിലേക്ക് കല്ലേറുമുണ്ടായി. 
സിപിഐ എം നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ രാഷ്ട്രീയത്തിനതീതമായി നിരവധി ബഹുജനങ്ങള്‍ അണിനരിന്നു. വളരെ സമാധാനപരമായി നടന്ന പ്രകടനം എംഎല്‍എ ഓഫീസിന്റെ 50 മീറ്റര്‍ അകലെ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍  റോഡില്‍ കുത്തിയിരുന്നു. 
പൊള്ളുന്ന വെയില്‍ വകവയ്ക്കാതെയാണ് റോഡില്‍ ജനം കുത്തിയിരുന്നത്. മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം പി എന്‍ മോഹനന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം പി മമ്മിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി വി കെ ചന്ദ്രന്‍ സ്വാഗതവും കെ പി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
Top