18 June Monday

പാനൂര്‍ ഉണര്‍ന്നു അക്രമികള്‍ക്കെതിരെ

സ്വന്തം ലേഖകന്‍Updated: Thursday Oct 12, 2017

ആര്‍എസ്എസ് അക്രമത്തിനെതിരെ പാനൂരില്‍ നടന്ന ബഹുജന കൂട്ടായ്മ പികെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യുന്നു.

പാനൂര്‍> കള്ളപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും താക്കീതായി പാനൂരില്‍ ബഹുജന കൂട്ടായ്മ. മേഖലയെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസ്സിന്റെ ആസൂത്രിത നീക്കത്തിനെതിരെ സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനവും കൂട്ടായ്മയും നടത്തിയത്. ആയിരങ്ങള്‍ അണിനിരന്ന കൂട്ടായ്മ നാടിന്റെ സമാധാനം തകര്‍ക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ഉണര്‍ന്നിരിക്കുമെന്ന പ്രഖ്യാപനംകൂടിയായി. 
സമാധാനം പുലരുന്ന പ്രദേശങ്ങളില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്ന ആര്‍എസ്എസ് ആസൂത്രണങ്ങളെ കൂട്ടായ്മ തുറന്നുകാട്ടി. അധികാരത്തിന്റെയും കള്ളപ്രചാരണങ്ങളുടെയും തണലില്‍ അക്രമത്തിന് കോപ്പുകൂട്ടുന്ന ആര്‍എസ്എസ് നീക്കങ്ങളെ കരുതിയിരിക്കാനും ബഹുജന കൂട്ടായ്മ ആഹ്വാനം ചെയ്തു.  
രാജു മാസ്റ്റര്‍ സ്മാരക മന്ദിരം പരിസരത്തുനിന്നാരംഭിച്ച പ്രകടനം പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. കൂട്ടായ്മ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. അക്രമത്തിനു കോപ്പുകൂട്ടാന്‍ ആഹ്വാനംചെയ്യുന്ന യാത്രയായി ജനരക്ഷായാത്ര മാറിയെന്ന് എംപി പറഞ്ഞു. . ജില്ലാ കമ്മിറ്റിയംഗം പി ഹരീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍, സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ കെ പവിത്രന്‍, എ വി ബാലന്‍ എന്നിവര്‍ സംസാരിച്ചു.
 
 

 

പ്രധാന വാർത്തകൾ
Top