26 September Wednesday
2.49 കോടി രൂപയുടെ പദ്ധതി

തൊഴിൽസംരംഭങ്ങൾക്ക് തുടക്കമിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018
തിരുവനന്തപുരം > കുടുംബശ്രീ സഹകരണത്തോടെ വനിതകൾക്കായി ജില്ലാപഞ്ചായത്ത് 2.49 കോടി രൂപയുടെ നൂതന തൊഴിൽസംരംഭങ്ങൾക്ക് തുടക്കമിട്ടു. പ്രതീക്ഷ എന്നു നാമകരണം ചെയ്തിട്ടുള്ള തൊഴിൽസംരംഭങ്ങളുടെ ഉദ്ഘാടനം  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്തു.
പേപ്പർ കോട്ടൺ ബാഗ്‐തുണിസഞ്ചി എന്നിവയുടെ നിർമാണം, ചക്കയിൽനിന്ന് മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിർമാണം, വനിതാ സംരംഭകർക്ക് കൂൺകൃഷി എന്നിവയാണ് സംരംഭങ്ങൾ. വനിതകളുടെ സാമൂഹ്യ സാമ്പത്തിക പദവി ഉയർത്തി തൊഴിലും വരുമാനവും വർധിപ്പിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പേപ്പർ കോട്ടൺ ബാഗ്, തുണിസഞ്ചി എന്നിവയുടെ നിർമാണത്തിന് 60 ലക്ഷം വീതവും വനിതാസംരംഭകർക്കുള്ള കൂൺകൃഷിക്ക് 22,50,000 രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തി. 
പട്ടികജാതി വനിതകൾക്ക്  കോട്ടൺ ബാഗ് നിർമാണ യൂണിറ്റുകൾ ആരംഭിച്ച് സംരംഭകരാകാൻ 84,70,000 രൂപയാണ് നൽകുന്നത്. ചക്കയിൽനിന്ന് മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ 22,50‌,000 രൂപയും നൽകും. 
 യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാബീഗം അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ കെ ആർ ഷൈജു റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി രഞ്ജിത്, എസ് കെ പ്രീജ, എസ്  എം റാണി, ലതാകുമാരി, ജലീൽ, വി വിജുമോഹൻ, ബെൻഡാർവിൻ എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത‌് അംഗം സ്മിത സ്വാഗതവും സെക്രട്ടറി വി സുഭാഷ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top