21 July Saturday
നഗരസഭാ പാർക്കിങ് നയത്തിന‌് കൗൺസിൽ അംഗീകാരം

പാർക്കിങ് കൊള്ള പറ്റില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
തിരുവനന്തപുരം 
അമിത നിരക്ക‌്  ഈടാക്കുന്ന സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾക്ക്  നിയന്ത്രണമേർപ്പെടുത്തുന്ന പുതിയ പാർക്കിങ് നയത്തിന് നഗരസഭാ കൗൺസിലിന്റെ അംഗീകാരം. തോന്നുംപടിയുള്ള പാ‍ർക്കിങ് പിരിവ‌് അവസാനിപ്പിക്കാനും കൃത്യമായ മാനദണ്ഡങ്ങൾ നടപ്പാക്കാനുമാണ‌് നയം കൊണ്ടുവന്നത‌്. വൻകിട സ്ഥാപനങ്ങൾക്കും  ഷോപ്പിങ് മാളുകൾക്കും മറ്റും തോന്നിയ രീതിയിൽ പാർക്കിങ് ഫീസ‌് ഇനി പിരിക്കാനാകില്ല. സ്വകാര്യആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നാലുചക്ര വാഹനം പാർക്ക‌് ചെയ്യാൻ മണിക്കൂറിന് 50 രൂപവരെ ഈടാക്കുന്നതായാണ് പരാതി. വാഹനം തിരിച്ചെടുക്കാൻ മിനിറ്റുകൾ താമസിച്ചാൽ തുകയുടെ ഇരട്ടി നൽകേണ്ട സ്ഥിതിയും ഉണ്ടായിരുന്നു. പാർക്കിങ് ഫീസ് പിരിവിന്റെ പേരിൽ നടക്കുന്ന ഇത്തരം കൊള്ള അവസാനിപ്പിക്കുന്നതിനാണ‌് നഗരാസൂത്രണവിഭാഗം പാർക്കിങ് നയം തയ്യാറാക്കിയത്. പാർക്കിങ് സൗകര്യം തേടിയെത്തുന്ന വാഹനങ്ങളുടെ ഉത്തരവാദിത്തം ഉടമകളിൽ നിക്ഷിപ്തമാണെന്ന കാലാകാലങ്ങളായുള്ള രീതിക്ക് പുതിയ നയത്തിലൂടെ കോർപറേഷൻ മാറ്റംവരുത്തി. മേൽക്കൂരയുള്ളതും മേൽക്കൂരയില്ലാത്തതും എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പാർക്കിങ് ഫീസ് ഈടാക്കുക. ഈ സാമ്പത്തിക വർഷം ഈടാക്കേണ്ട ഫീസ് കോർപറേഷൻ നിശ്ചയിച്ചു. നിരക്ക‌് പരിഷ്കാരം  കാലാകാലങ്ങളിൽ കോർപറേഷൻ കൗൺസിൽ തീരുമാനിക്കും. അനുമതിയില്ലാതെ പാർക്കിങ് കേന്ദ്രങ്ങൾ നടത്തിയാൽ പിഴ ഈടാക്കും. ഇത്തരം കേന്ദ്രങ്ങൾ 3000 രൂപ കോർപറേഷനിൽ അടച്ച‌് ലൈസൻസ‌് എടുക്കണം. പാർക്ക‌് ചെയ്യുന്ന വാഹനങ്ങളെയും ജീവനക്കാരെയും സംബന്ധിച്ച രജിസ്റ്റർ തുടങ്ങിയവ ഓരോ കേന്ദ്രത്തിലും സൂക്ഷിക്കണം. ഏതെങ്കിലും കെട്ടിട സമുച്ചയത്തോടു ചേർന്നാണ് പാർക്കിങ് കേന്ദ്രം ഒരുക്കുന്നതെങ്കിൽ കെട്ടിടനിർമാണചട്ട പ്രകാരമുള്ള പാർക്കിങ് സ്ഥലം പ്രത്യേകം വേർതിരിക്കണം. ഈ സ്ഥലത്ത് സൗജന്യ പാർക്കിങ് അനുവദിക്കണം. ലൈസൻസിയുടെ പേര്, മേൽവിലാസം, ലൈസൻസ് നമ്പർ, ഓരോ ഇനം വാഹനത്തിനും നിശ്ചയിച്ചിട്ടുള്ള നിരക്ക് എന്നിവ വാഹനയുടമകൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണം. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. സ്ത്രീകൾ, പുരുഷന്മാർ, ഭിന്ന ലിംഗക്കാർ എന്നിവർക്ക് പ്രത്യേകം ടോയ‌്‌ലറ്റ‌് സൗകര്യം എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും ഉണ്ടായിരിക്കണമെന്നും നയത്തിൽ വ്യവസ്ഥ ചെയ്യുന്നു. വാഹനത്തിന്റെ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ,  എത്തിച്ചേരുന്ന സമയം എന്നിവ ഉൾപ്പെടുന്ന രസീത് എല്ലാ വാഹനയുടമകൾക്കും നൽകണം. പരമാവധി രണ്ടു ദിവസത്തിൽ കൂടുതൽ വാഹനം പാർക്ക‌് ചെയ്യണമെങ്കിൽ പൊലീസ്, കോർപറേഷൻ അധികൃതരുടെ അനുമതി വാങ്ങണം. കോർപറേഷൻ നിർദേശിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണോ  കേന്ദ്രങ്ങളുടെ നടത്തിപ്പെന്ന് നഗരാസൂത്രണ വിഭാഗം പരിശോധിക്കും.
പ്രധാന വാർത്തകൾ
Top