19 November Monday
നഗരം ഒരുങ്ങി അക്ഷരയജ്ഞത്തിന‌്

100 വാർഡിലും ഇന്ന‌് അക്ഷരദീപം തെളിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

 

തിരുവനന്തപുരം 
സാക്ഷരത മിഷന്റെ സഹകരണത്തോടെ നഗരസഭയിലെ 100 വാർഡിലും നടപ്പാക്കുന്ന അക്ഷരശ്രീ പദ്ധതിക്ക‌് നഗരം ഒരുങ്ങി. ബുധനാഴ‌്ച നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പദ്ധതിയെ എതിർത്ത‌് ബിജെപി അംഗങ്ങൾ പരിഹാസ്യരായി. മുൻകൂട്ടി തയ്യാറാക്കിയ പ്ലക്കാർഡുകളുമായാണ‌് ബിജെപി അംഗങ്ങൾ യോഗത്തിനെത്തിയത‌്. അക്ഷരശ്രീ പദ്ധതി സംബന്ധിച്ച‌് ഏതുതരത്തിലുള്ള ചർച്ചയ‌്ക്കും സന്നദ്ധമാണെന്ന‌് മേയർ അറിയിച്ചിട്ടും ചർച്ചയ‌്ക്ക‌് തയ്യാറാകാതെ ബിജെപി അംഗങ്ങൾ കൗൺസിലിൽനിന്ന‌് ഇറങ്ങിപ്പോയി. 
  തുടർന്ന‌്  വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ‌് ഉണ്ണിക്കൃഷ‌്ണൻ പദ്ധതി സംബന്ധിച്ച‌് വിശദീകരിച്ചു. നഗരത്തിലെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്ന മഹത്തായ പദ്ധതിയാണ‌് അക്ഷരശ്രീയെന്ന‌് യുഡിഎഫ‌് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ജോൺസൺ ജോസഫ‌്, ബീമാപള്ളി റഷീദ‌്, പീറ്റർ സോളമൻ, ആർ പി ശിവജി, ഐഷ ബേക്കർ, സോളമൻ അലക‌്സ‌്, പാളയം രാജൻ, എ വിജയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതുസംബന്ധിച്ച  നടപടിക്രമങ്ങളിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കുമെന്ന‌് മേയർ പറഞ്ഞു. 
   വ്യാഴാഴ‌്ച വൈകിട്ട് 6.30ന് ആശാൻ സ്‌ക്വയറിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അക്ഷരദീപം തെളിച്ച് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നടത്തും. 13ന് സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ  മുഴുവൻ വീടുകളിലും അക്ഷരത്തിരി കത്തിക്കും.  പദ്ധതിയുടെ ഭാഗമായുള്ള സർവേ 14ന് രാവിലെ 8.30ന് ആരംഭിക്കും. സർവേ നടത്തുന്ന നഗരസഭയിലെ 100 വാർഡിലും ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഓരോ വാർഡിലുമുള്ള വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സർവേ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top